വിമാനത്താവളത്തില്‍ കീശ കീറാതെ ചായ കുടിക്കാം; കടുപ്പമേറിയ പോരാട്ടം; ഒടുവില്‍ ജയം

Airport-tea
SHARE

സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഏറെ സന്തോഷം നല്‍കുന്ന, ‘ചൂടുള്ള’ ഒരു വാര്‍ത്തയാണ് ഇന്നു കേള്‍ക്കാനായത്. വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതി വന്നിരിക്കുന്നു. 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയുന്നു. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടും.

പ്രധാനമന്ത്രിയുടെ ഇടപെടലാണ് വളരെനാളായുള്ള യാത്രക്കാരുടെ ആവശ്യം നടപ്പാക്കാന്‍ കാരണം.  തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. കത്തയക്കാനുള്ള സാഹചര്യം ഷാജി മനോരമ ന്യൂസിനോടു വിശദീകരിക്കുന്നു. 

‘2019 മാര്‍ച്ചില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കു പോകുമ്പോള്‍ തന്റെ കയ്യില്‍ തുഛമായ പണമാണുണ്ടായിരുന്നത്. രണ്ടോ മൂന്നോ ടീ കൗണ്ടറുകള്‍ അവിടെയുണ്ടായിരുന്നു. ഒരു കൗണ്ടറില്‍ കട്ടന്‍ കാപ്പിയ്ക്കു 150 രൂപയായിരുന്നു വില. മറ്റൊരു കൗണ്ടറില്‍ കാപ്പിയ്ക്കും ചായക്കും 100 രൂപയാണ് ഈടാക്കുന്നത്. കപ്പ് കണ്ടാല്‍ സങ്കടം തോന്നും. അത്രയും ചെറുത്. ഒരു വര്‍ഷം ശരാശരി ഒരു കോടി യാത്രക്കാരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സഞ്ചരിക്കുന്നത്. പണ്ടു കാലങ്ങളിലെപ്പോലെ കയ്യില്‍ കാശുള്ളവര്‍ മാത്രമല്ല വിമാനത്തില്‍ സഞ്ചരിക്കുന്നത്. ജോലി തേടി പ്പോകുന്ന പ്രവാസികളും ചികിത്സയ്ക്കു പോകുന്നവരും ഹജിനു പോകുന്ന തീര്‍ഥാടകരും ഉള്‍പ്പെടുന്നതാണ് യാത്രക്കാര്‍. നിവര്‍ത്തി കേടു കൊണ്ട് വിമാനത്തെ ആശ്രയിക്കേണ്ടി വരുന്നവരുണ്ട്. 

എയര്‍പോര്‍ട്ടില്‍ രണ്ടു മണിക്കൂര്‍ ഇരിക്കേണ്ടി വരുമ്പോള്‍ ഒരു ചായക്കു നൂറും 150 രൂപ കൊടുക്കേണ്ടി വരുന്നത് ഗത്യന്തരമില്ലാത്തതു കൊണ്ടാണ്. ഇത് പകല്‍ക്കൊള്ളയാണ്. യാത്രക്കാര്‍ 200 ഉം 300 രൂപ യൂസേഴ്സ് ഫീ കൊടുത്തിട്ടാണ് വിമാനത്താവളത്തിനകത്തു പ്രവേശിക്കുന്നത്. തുടര്‍ന്ന് വീണ്ടും ഒരു ചായക്കു നൂറു രൂപയിലധികം കൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. 

2019 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രിയ്ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിയ്ക്കും രജിസ്റ്റേര്‍ഡ് പരാതി അയച്ചത്. ഒരാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും മറുപടി ലഭിച്ചു. തുടര്‍നടപടിയുണ്ടാകുമെന്നു കത്തില്‍ സൂചിപ്പിച്ചു. അവര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു കത്ത് കൈമാറി. പിന്നീട് ഇവര്‍ ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലേക്കും മെസേജ് അയച്ചു. തുടര്‍ന്ന് സിയാല്‍ സീനീയര്‍ മാനേജരാണ് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും 15 രൂപയ്ക്കു സ്നാക്സും നല്‍കുമെന്നു വെബ്സൈറ്റില്‍ അറിയിച്ചത്. സാധാരണക്കാര്‍ക്കു വലിയ നേട്ടമാണിത്. നിയമം നടപ്പിലാകുന്നുണ്ടെന്നു ഉറപ്പു വരുത്തുമെന്നും അഡ്വ. ഷാജി മനോരമ ന്യൂസിനോടു പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...