പ്രതിസന്ധി അയയാതെ രാജസ്ഥാൻ; നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 ന്

sachinpilot-30
SHARE

രാജസ്ഥാനിൽ നിയമസഭ സമ്മേളനം വിളിക്കുന്നതിനെ ചൊല്ലി ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കത്തിന് വിരാമം. ഓഗസ്റ്റ് 14 മുതൽ സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. ഗവര്‍ണറുടെ  തീരുമാനം അംഗീകരിക്കുന്നതായി  കോൺഗ്രസ്‌  വ്യക്തമാക്കി .  

സച്ചിൻ പൈലറ്റ് വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് രാജസ്ഥാൻ കോൺഗ്രസിലുണ്ടായ ആഭ്യന്തര തർക്കത്തിൽ വിജയം ആർക്കൊപ്പമെന്നറിയാൻ  ഓഗസ്റ്റ് 14 വരെ കാത്തിരിക്കണം. അന്നേ ദിവസം മുതൽ നിയമസഭ സമ്മേളനം വിളിക്കാമെന്ന് ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സഭ ചേരേണ്ടതെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പും അന്നുണ്ടായേക്കും. ഉടൻ നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാരിന്റെ മൂന്ന് ശുപാർശകൾ ഗവർണർ നേരത്തെ തള്ളിയിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്‌ലോട്ട് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പി പ്രതികരിച്ചു. ഇരു പക്ഷത്തിന്റെയും നീക്കങ്ങളാണ് ഇനി നിർണായകം.

വിമത എംഎൽഎ മാർക്കെതിരെ തല്ക്കാലം അയോഗ്യത നടപടികൾ സ്വീകരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്‌പീക്കർ സിപി ജോഷി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഇതിലൂടെ സച്ചിൻ ക്യാംപിലെ കൂടുതൽ എംഎൽഎ മാരെ സമ്മർദ്ദത്തിലാക്കാമെന്നു ഗെഹ്‌ലോട്ട് പക്ഷം കരുതുന്നു. അയോഗ്യത നീക്കങ്ങൾക്കെതിരെ വിമത എംഎൽഎ മാർ ഹൈക്കോടതിയിൽ നൽകിയ ഹര്ജിയിലെ വിധി ഈ സാഹചര്യത്തിൽ വൈകിയേക്കും.

കോൺഗ്രസിൽ ലയിച്ച ബിഎസ്പി എംഎൽഎമാരെ അയോഗ്യരാകണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി ഹർജി ഇന്ന് 2 മണിക്ക് ഹൈക്കോടതി പരിഗണിക്കും. 200 അംഗ നിയമസഭയിൽ ഈ 6 എംഎൽഎ മാരെ കൂടി  കൂട്ടിയാണ് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെടുന്ന 103 പേരുടെ പിന്തുണ. കൂടുതൽ എംഎൽഎ മാരെ മറുപക്ഷത്തേക്ക് ചാടിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിക്കുമ്പോൾ സ്വന്തം എംഎൽഎ മാരെ പിടിച്ചു നിർത്തുകയാണ് ഗെഹ്‌ലോട്ടിനു മുന്നിലുള്ള വെല്ലുവിളി. 

MORE IN INDIA
SHOW MORE
Loading...
Loading...