‘4 കിലോ സ്വർണം; 601 കിലോ വെള്ളി, 8376 പുസ്തകങ്ങൾ..;’ അമ്പരപ്പിച്ച് വേദനിലയം

jaya-home-tn
SHARE

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് അവരുടെ വസതിയിരുന്ന പോയസ് ഗാർഡനിലെ വേദനിലയം. വീടിനുള്ളിൽ എന്തെല്ലാം എന്ന ചോദ്യം പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട് സർക്കാർ ഗസറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സ്വർണവും വെള്ളിയും പോലെ അമ്പരപ്പിക്കുന്ന പുസ്തകശേഖരമാണ് വീട്ടിലുള്ളത്. നാലു കിലോയോളം സ്വര്‍ണവും 601 കിലോഗ്രാം വെള്ളിയും വീടിനുള്ളിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനൊപ്പം 8376 പുസ്തകങ്ങളും ജയയുടെ ശേഖരണത്തിലുണ്ട്.  ഇവയ്ക്ക് പുറമേ 11 ടി.വികൾ,10 റഫ്രിജറേറ്ററുകൾ‍, 38 എയര്‍ കണ്ടിഷണറുകൾ‍, 556 ഫര്‍ണിച്ചറുകള്‍, 6514 പാത്രങ്ങള്‍, 15 പൂജാസാധനങ്ങള്‍, 10438 വസ്‌ത്രോല്‍പ്പനങ്ങള്‍, 29 ടെലിഫോണുകള്‍, 294 മൊമെന്റോകള്‍, 108 സൗന്ദര്യ വര്‍ദ്ധക ഉപകരണങ്ങള്‍ എന്നിവയും വേദനിലയിത്തിൽ നിന്നും കണ്ടെത്തി. മൊത്തം 32721 വസ്തുക്കളാണ് പട്ടികയിലുള്ളത്.

ജയലളിതയുടെ പിന്തുടർച്ചാവകാശികളെന്ന നിലയിൽ, പോയസ് ഗാർഡനുൾപ്പെടെ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശം സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനുമാണെന്നാണു വിധി.

ജയയുടെ സ്വപ്നക്കൂട്

ചെറുപ്പം മുതൽ ബന്ധുവീടുകളിൽ വളർന്ന ജയയുടെ മനസ്സിലെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. പോയസ് ഗാർഡനിൽ അമ്മ വാങ്ങിയ വീ‌ട് ജയലളിതയുടെ സ്വപ്നങ്ങൾകൂടി ചേർത്തു പുതുക്കിപ്പണിതപ്പോൾ അതു വേദ‌നിലയമായി. 1972ൽ ആണു പുതിയ വീട്ടിൽ ഗൃഹപ്രവേശം നടന്നത്. അപ്പോഴേക്കും, അമ്മ വേദവല്ലി വിട പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ‌സ്വാധീനമെന്നു ജയ പലപ്പോഴും വിശേഷിപ്പിച്ച അമ്മയോടുള്ള  സ്നേഹം മുഴുവൻ ചേർത്താണ് പുതിയ വീടിനു വേദനിലയം എന്നു പേരിട്ടത്. വീടിന്റെ ഗൃഹ‌‌പ്രവേശത്തിനായി അച്ചടിച്ച ബ്രൗൺ നിറത്തിലുള്ള ക്ഷണക്കത്തിൽ രണ്ടു ലാൻഡ് മാർക്കുകളാണു നൽകിയിരുന്നത്. സ്റ്റെല്ല മാരിസ് കോളജും റെയിൽവേ സർവീസ് കമ്മിഷൻ ഓഫിസും. പിന്നീട്, ജയ സ്വയമൊരു ചരിത്രമായും വേദ‍നിലയം രാജ്യമെമ്പാടും അറിയപ്പെടുന്ന ലാൻഡ് മാർക്കായും മാറി. 

അമ്മു അമ്മയായി, ജയ പുരട്ച്ചി തലൈവിയായി

പോയസ് ഗാർഡനിൽ താമസക്കാരിയായെത്തുമ്പോൾ പുതുമുഖ നടിയെന്നതു മാത്രമായിരുന്നു ജയലളിതയുടെ മേൽവിലാസം. പിന്നീട്, എംജിആറിന്റെ അമ്മുവായത്, അണ്ണാ ഡിഎംകെ  വേദികളിലെ താരോദയമായത്,  43-ാം വയസ്സിൽ ‌തമിഴകത്തിന്റെ മുഖ്യമന്ത്രിയായത്, അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തലതാഴ്ത്തി ജയിലിലേക്കു പോയത്... ഏറ്റവുമൊടുവിൽ, 2016 സെപ്റ്റംബർ 22ന് അവസാനമായി അപ്പോളോ ആശുപത്രിയിലേക്കു പുറപ്പെട്ടത് എല്ലാം ഇവിടെനിന്നായിരുന്നു. 

1991ൽ ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയായി മറ്റൊരു വീടു നിർദേശിച്ചതാണ്. വളർച്ചയിലും തളർച്ചയിലും കൂ‌ടെ നി‌ന്ന വേദനിലയം തന്നെ മതിയെന്നു ജയ തീരുമാനിച്ചു. അങ്ങനെ, ഇന്ത്യൻ രാ‌ഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ മേൽവിലാസമായി പോയസ് ഗാർഡനിലെ വേദനിലയം മാ‌റി.

രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും ഹർകിഷൻ സിങ് സുർജിത് മുതൽ ജോർജ് ഫെർണാണ്ടസ് വരെയുള്ള രാഷ്ട്രീയ ചാണക്യന്മാരും പോയസ് ഗാർഡനിൽ ദർശനത്തിനെത്തി. മക്കൾക്കുമേൽ അനുഗ്രഹം ചൊരിയുന്ന അമ്മയെപ്പോലെ, പുറത്തു തടിച്ചുകൂടിയ ആയിരങ്ങൾക്കുനേരെ പോർട്ടിക്കോയിൽനിന്നു കൈകൾ ഉയർത്തിക്കാട്ടുന്ന ജയല‌ളിത ‌തമിഴ്നാട് ‌രാഷ്ട്രീയത്തിന്റെ മുഖ‌ച്ചിത്രങ്ങളിലൊന്നായി മാറി. 

MORE IN INDIA
SHOW MORE
Loading...
Loading...