ദേശീയപാത വികസനം: 400 വർഷം പഴക്കമുള്ള മരത്തിനായി നാട്ടുകാർ; ഒടുവിൽ..

tree-love
SHARE

നാട്ടുകാരുടെ ഏതിർപ്പിന് മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. 400 വർഷം പഴക്കമുള്ള ഒരു മരത്തിന് വേണ്ടിയാണ് നാടാകെ അണിനിരന്നത്. മഹാരാഷ്ട്രയിലെ ഭോസെ ഗ്രാമത്തിലാണ് ഈ അപൂർവ സംഭവം. രത്നഗിരി- സോലാപൂർ ദേശീയപാതയുടെ വികസനത്തിനായി 400 വർഷം പഴക്കമുള്ള  മരം മുറിച്ചു മാറ്റാനുള്ള അധികൃതരുടെ തീരുമാനത്തെ പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഒടുവിൽ ഉപേക്ഷിക്കുകയായിരുന്നു.

ഗ്രാമത്തിലെ യെല്ലമ്മ ദേവി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ആൽമരം 400 ചതുരശ്ര മീറ്ററുകൾ വിസ്തൃതിയിലാണ് തണൽ നൽകുന്നത്. മരത്തെ രക്ഷിക്കാനുള്ള  കൂട്ടായ ശ്രമങ്ങൾ സമൂഹശ്രദ്ധ നേടിയതോടെ പരിസ്ഥിതി സംരക്ഷകരും ഗ്രാമ പഞ്ചായത്ത് അധികാരികളും ഗ്രാമവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിഷയം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയതോടെ പരിസ്ഥിതി കാര്യ മന്ത്രിയായ ആദിത്യ താക്കറെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു.അങ്ങനെയാണ് ഒടുവിൽ മാസങ്ങളോളം നീണ്ട ഗ്രാമവാസികളുടെ പ്രതിഷേധം ഫലം കണ്ടത്. 

മരം മുറിച്ചു മാറ്റാതെ തന്നെ ദേശീയപാത വികസനത്തിന് മറ്റൊരു മാർഗം കണ്ടെത്താൻ ഒടുവിൽ അധികൃതർ തീരുമാനിക്കുകയായിരുന്നു. ആൽമരത്തിന്റെ  തായ്ത്തടിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഏതാനും ശിഖരങ്ങൾ മാത്രമേ മുറിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശമാണ് കേന്ദ്ര മന്ത്രാലയം നൽകിയിരിക്കുന്നത്. അപൂർവയിനം പക്ഷികൾക്കും മറ്റു പല ജീവജാലങ്ങൾക്കും വാസസ്ഥലമൊരുക്കുന്ന ആൽമരം ഗ്രാമവാസികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ആൽമരത്തെ കേന്ദ്രീകരിച്ച് നിരവധി ഐതീഹ്യങ്ങളും ചരിത്രങ്ങളുമെല്ലാം പ്രദേശത്ത് പ്രചാരത്തിലുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...