6 നഗരങ്ങളിൽ പരീക്ഷണം; ഇന്ത്യയിലെ വാക്സിൻ വിജയത്തിലേക്ക്

vaccine-wb
SHARE

വംശീയമായ വ്യത്യസങ്ങള്‍ മൂലം കൊറോണാവൈറസ് വാക്‌സിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരീക്ഷിച്ചറിയാനുള്ള മനുഷ്യരിലുള്ള പരീക്ഷണങ്ങള്‍ രാജ്യത്തു തുടങ്ങി. ഭാരത് ബയോ ടെക്കും, സൈഡസ് കാഡിലയും (Zydus Cadila) പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആറു സംസ്ഥാനങ്ങളിലെ ആറു നഗരങ്ങളിലായി തുടങ്ങിയിരിക്കുകയാണ്. അവസാനം ഈ കുത്തിവയ്പ്പ് എടുത്തത് ഡല്‍ഹിയില്‍ എയിംസില്‍ ഒരു 30 കാരനാണ്. അദ്ദേഹം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ 0.5 എംഎല്‍ ഇന്‍ട്രാമസ്‌ക്യുലര്‍ കുത്തിവയ്പ്പാണെടുത്തത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രണ്ടു മണിക്കൂര്‍ നേരം നിരക്ഷിച്ചു. 

പെട്ടെന്ന് ഒരു പാര്‍ശ്വഫലവും കാണാനായില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരത് ബയോടെക്കിനും സൈഡസിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ വാക്‌സിന്‍ ആദ്യം പരീക്ഷണാര്‍ഥം കുത്തിവച്ചത് ജൂലൈ 15നാണ്.

ലോകത്ത് ഇപ്പോള്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന വാക്‌സിനുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഓക്‌സഫെഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാനൊരുങ്ങുന്നത് സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. സിറം, ബ്രിട്ടന്റെ അസ്ട്രാ സെനെക്ക കമ്പനിയുമൊത്താണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. അനുമതി ലഭിച്ചു കഴിയുമ്പോള്‍ തന്നെ ഇന്ത്യയിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോവക്‌സിന്‍, ഐസിഎംആര്‍ അഥവാ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്, എന്‍ഐവി അഥവാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇത് 12 ആശുപത്രികളില്‍ പരീക്ഷിക്കപ്പെടും. ഡല്‍ഹിയിലെയും പാറ്റ്‌നയിലെയും എയിംസ്, പിജിഐ റോഹ്തക് തുടങ്ങിയവ അടക്കമുള്ള കേന്ദ്രങ്ങളിലായിരിക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പു നല്‍കുക. ആദ്യ ഘട്ടത്തില്‍ 500 പേരിലായിരിക്കും വാക്‌സിന്‍ പരീക്ഷിക്കുക.

പരിപൂര്‍ണ്ണ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ, 18നും 55നും ഇടയില്‍ പ്രായമുള്ള, വാക്‌സിന്‍ പരീക്ഷിക്കാന്‍ താത്പര്യം കാണിക്കുന്നവരിലായിരിക്കും ഇതു കുത്തിവയ്ക്കുക. സൈഡസിന്റെ വാക്‌സിനായ സൈഡ്‌കോവ്-ഡി (ZyCoV-D), അഹമ്മദാബാദിലുള്ള അവരുടെ സ്വന്തം ഗവേഷണശാലയില്‍ മാത്രമാണ് പരീക്ഷണം തുടങ്ങിയിരിക്കുന്നത്. അത് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പക്ഷേ, കോവാക്‌സിന്റെ പരീക്ഷണം ഹൈദരാബാദ്, പാറ്റ്‌ന, കാഞ്ചീപുരം, രോഹ്തക്, ഡല്‍ഹി എന്നിവടങ്ങളില്‍ തുടങ്ങി. ഇനി അത് ഭൂവനേശ്വര്‍, ബെല്‍ഗാം, ഗൊരാഖ്പൂര്‍, കാണ്‍പൂര്‍, ഗോവ, വിശാഖപട്ടണം എന്നിവടങ്ങളില്‍ തുടങ്ങും. ആരോഗ്യമുള്ളവരില്‍ നടത്തുന്ന ആദ്യ ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതളവിലാണ് വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് എന്ന് ഗവേഷകര്‍ തീരുമാനത്തിലെത്തുക.

MORE IN INDIA
SHOW MORE
Loading...
Loading...