30 വർഷത്തിന് ശേഷം സ്കൂളിൽ; മകനൊപ്പം പ്ലസ്ടു എഴുതി; വിജയിച്ച് രജ്നി

rajni-24
ചിത്രം കടപ്പാട് : സോഷ്യൽ മീഡിയ
SHARE

പതിനെട്ടാം വയസിലെ കല്യാണത്തോടെ പഠിപ്പ് നിർത്തിയതാണ് രജ്നി സതിയെന്ന നാൽപത്തിയാറുകാരി. മുപ്പത് വർഷങ്ങൾക്കിപ്പുറം സ്വന്തം മകനൊപ്പം പ്ലസ്ടു പരീക്ഷയെഴുതി ജയിച്ചാണ് രജ്നി താരമായിരിക്കുന്നത്. പഠിച്ച് നേടിയ വിജയത്തിൽ അമ്മയും മകനും വലിയ സന്തോഷത്തിലാണ്. 

ലുധിയാനയിലെ സെന്റ് പാട്രിക പബ്ലിക് സ്കൂളിൽ വിദ്യാർഥിയാണ് രജ്നിയുടെ മകൻ. സ്ഥിരമായി ചെയ്തുവന്നിരുന്ന ജോലിക്കിടയിൽ അൽപ്പം സമയം കിട്ടിയാൽ ഉടൻ രജ്നി പാഠപുസ്തകം തുറക്കും. ഹ്യുമാനിറ്റീസായിരുന്നു വിഷയം. മകൻ 71.4 ശതമാനം വിജയം നേടിയപ്പോൾ പരിമിതികളെ മറികടന്ന് 56 ശതമാനം മാർക്കാണ് രജ്നി സ്വന്തമാക്കിയത്. പഠനത്തിനിടയിൽ നടത്തിയ തിമിര ശസ്ത്രക്രിയ കൂടി ഇല്ലായിരുന്നുവെങ്കിൽ കുറച്ച് കൂടി ഉഷാറായി പഠിച്ചേനെയെന്ന് രജ്നി കൂട്ടിച്ചേർക്കുന്നു. ഇംഗ്ലീഷ്, പഞ്ചാബി, സോഷ്യോളജി പേപ്പറുകൾ എഴുതിയിരുന്നു. ഹോം സയൻസും ഫിസിക്കൽ എജ്യൂക്കേഷൻ പേപ്പറും റദ്ദാക്കിയതിനാൽ എഴുതിയില്ല. പക്ഷേ അവയുടെ പ്രാക്ടിക്കലുകൾ പൂർത്തിയാക്കിയിരുന്നുവെന്നും അവർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശുപത്രിയിൽ വാർഡ് അറ്റൻഡർ ജോലിക്കിടയിൽ ഈ വിജയം നേടാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും മകൻ പഠനത്തിൽ നന്നായി സഹായിച്ചുവെന്നും രജ്നി പറയുന്നു. പത്താംക്ലാസ് പരീക്ഷ പോലും എഴുതിയിരുന്നില്ല രജ്നി വിവാഹ സമയത്ത്. മകൻ പത്തിലെത്തിയപ്പോഴാണ് ഒന്നിച്ച് പഠിച്ചാലോ എന്ന ചിന്ത ആദ്യമായി തലയിലേക്ക് എത്തിയത്. പിന്നെ മടിച്ചില്ലെന്നും മകനും അവന്റെ ടീച്ചർമാരും കൂട്ടുകാരും തന്ന പിന്തുണ വലിയതാണെന്നും രജ്നി കൂട്ടിച്ചേർത്തു.  

30 വർഷത്തെ നീണ്ട ബ്രേക്കിന് േശഷം പഠിക്കാൻ കഴിഞ്ഞതിന് പിന്നിൽ കുടുംബാംഗങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും രജ്നി പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...