ഡൽഹിയിൽ അഞ്ചിൽ ഒരാൾക്ക് കോവിഡ്; 77% പേർക്കും രോഗസാധ്യത; റിപ്പോർട്ട്

covid-delhi-new
SHARE

കോവിഡ് രൂക്ഷമായ ഡൽഹിയിൽ അഞ്ചിലൊരാൾക്കു വീതം രോഗം ബാധിച്ചിട്ടുണ്ടെന്നു പഠനം. ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെന്നതു രോഗവ്യാപന ഭീഷണി കൂട്ടുന്നു. രോഗാണുബാധ ഉണ്ടോയെന്നു രക്തപരിശോധനയിലൂടെ കണ്ടെത്തുന്ന സെറോളജിക്കല്‍ ടെസ്റ്റ് (serological surveillance, sero survey) നടത്തിയപ്പോഴാണു ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. ശരീരത്തിൽ രോഗാണുവിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യമാണു സിറോ സർവേ പരിഗണിക്കുന്നത്.

കോവിഡ് വ്യാപനം എത്രമാത്രമുണ്ടെന്ന് അറിയാൻ എല്ലാ മാസവും സിറോ സർവേ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സത്യേന്ദർ ജെയിൻ പറഞ്ഞു. ആറു മാസത്തെ സർവേ കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 23.48 ശതമാനം പേർക്കു കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. രണ്ടു കോടിയോളം ജനസംഖ്യയുള്ള സംസ്ഥാനത്തു പക്ഷേ ഇപ്പോഴും 1.2 ലക്ഷത്തിലധികം കേസ് മാത്രമേ ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളൂ. 77 ശതമാനത്തോളം ജനങ്ങൾക്കു രോഗസാധ്യതയുണ്ടെന്നും ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നുമാണ് ഇതു സൂചിപ്പിക്കുന്നതെന്നു സർക്കാരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

‘75 ശതമാനത്തിലധികം ജനങ്ങളിലും ആന്റിബോഡീസ് സാന്നിധ്യം കണ്ടെത്തിയില്ല. ഇപ്പോഴത്തെ രീതികളിൽ മാത്രം നമുക്കു മുന്നോട്ടു പോകാനാകില്ലെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. ശുചിത്വം, അകലം പാലിക്കൽ നടപടികൾ തുടരണം. എല്ലാവരും എപ്പോഴും മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. ഇക്കാര്യങ്ങളിൽ അലസത കാണിച്ചാൽ കോവിഡിന്റെ രണ്ടാംതരംഗത്തിനും സാഹചര്യമൊരുങ്ങും.’– ഫോർട്ടിസ് ആശുപത്രിയിലെ പൾമനോളജി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ കൺസൾട്ടന്റ് ഡോ. റിച്ച സരീൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ആകെ 1,25,096 പേർക്കാണു കോവിഡ് ബാധിച്ചത്; ഇതിൽ 3690 പേർ മരിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...