‘രാജസ്ഥാൻ പാഠം’; ഛത്തീസ്ഗഡിൽ ഒരു മുഴം മുൻപേ എറിഞ്ഞ് ഭൂപേഷ് ബാഗേൽ

bhupesh-congress
SHARE

ഛത്തീസ്ഗഡിൽ കാബിനറ്റ് മന്ത്രിമാരുടെ ഓഫിസുകളിൽ പാർലമെന്ററി സെക്രട്ടറിമാരായി 15 കോൺഗ്രസ് എംഎൽമാർക്ക് നിയമനം നൽകി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽനിന്നു പുറത്തേക്കെന്ന് വ്യക്തമായതിനു പിന്നാലെയാണ് നടപടി. ഇതിൽ 10 പേർ പിന്നാക്ക വിഭാഗത്തിൽ നിന്നും പട്ടികവർഗ വിഭാഗത്തിൽനിന്നുമാണ്. 3 വനിതകളും ഇടം നേടി.

വിമതരെ സമാധാനിപ്പിക്കാനാണ് നടപടിയെന്ന് ബിജെപി ആരോപിച്ചു. രാജസ്ഥാനിലെ സംഭവ വികാസങ്ങൾ കണക്കിലെടുത്ത് ഛത്തീസ്ഗഡിൽ പ്രതിസന്ധി ഒഴിവാക്കാനാണ് നീക്കം. പുതിയ നിയമനം ലഭിച്ചവർ സച്ചിൻ പൈലറ്റിനാണ് നന്ദി പറയേണ്ടതെന്നു ബിജെപി എംപി സുനിൽ സോണി പരിഹസിച്ചു. ഇത്തരം നിയമനങ്ങളെ പ്രതിപക്ഷത്തിരുന്നപ്പോൾ കോൺഗ്രസ് കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെന്നും പാർട്ടിയിലെ ഭിന്നത മറനീക്കാതിരിക്കാനാണ് തിരക്കുപിടിച്ച നടപടിയെന്നും ബിജെപി നേതാവ് രാജേഷ് മുനാത് ആരോപിച്ചു.

മുഖ്യമന്ത്രിപദത്തിനു വേണ്ടി സജീവമായി അവകാശവാദം ഉന്നയിച്ചിരുന്ന ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവ് ദിയോ, ആഭ്യന്തരമന്ത്രി താമ്രധ്വജ് സാഹു എന്നിവരുടെ ഓഫിസുകളിൽ പുതുതായി നാല് എംഎൽഎമാരെ നിയോഗിച്ചതു തന്നെ സമവായശ്രമത്തിന്റെ ഭാഗമാണെന്നും വിമർശനം ഉയർന്നുവെങ്കിലും കോൺഗ്രസ് നിഷേധിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ് മാവോയിസ്റ്റ് ആക്രമണത്തിൽ നേതാക്കൾ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിൽ കോൺഗ്രസ്.

വി.സി.ശുക്ലയും നന്ദകുമാർ പട്ടേലുമടക്കം അരഡസനിലേറെ മുൻനിര നേതാക്കളെ 2013ലെ മാവോയിസ്റ്റ് ആക്രമണത്തിൽ നഷട്മായെങ്കിലും ബാഗേലും ടി.എസ്.സിങ് ദേവും നടത്തിയ പോരാട്ടങ്ങളാണ് പാർട്ടിയെ തിരികെ അധികാരത്തിൽ എത്തിച്ചത്. സിങ്ങിനെയും താമ്രധ്വജ് സാഹുവിനെയും മുഖ്യമന്ത്രിപദത്തിനായി പരിഗണിച്ചിരുന്നുവെങ്കിലും ബാഗേലിനാണ് നറുക്ക് വീണത്.

MORE IN INDIA
SHOW MORE
Loading...
Loading...