കടൽ ആധിപത്യത്തിനും ചൈനയ്ക്ക് പാക്ക് കൂട്ട്; ലക്ഷ്യം ഇന്ത്യയെ വളയുക?

china-pak-india
SHARE

സ്വന്തം നിലയിൽ നീങ്ങുന്നതിനു പുറമേ പാക്കിസ്ഥാനെ ഉപയോഗിച്ചും ഇന്ത്യൻ അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത് ചൈന നാളുകളായി പയറ്റുന്ന തന്ത്രമാണ്. മാസങ്ങളായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യൻ സേനയിൽനിന്നു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നേരിട്ടുള്ള ആക്രമണത്തേക്കാൾ സമുദ്രാതിർത്തി വഴിയുള്ള ആക്രമണത്തിനാകും ചൈന മുൻതൂക്കം നൽകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നതും.

അപകടരമായ ചൈന– പാക്കിസ്ഥാൻ കൂട്ടുകെട്ട് സമുദ്രാതിർത്തിയിലേക്കും വ്യാപിക്കുന്നതായി ദേശീയ മാധ്യമങ്ങൾ പറയുന്നു. ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ ചൈന കടൽ എന്നിവിടങ്ങളിലെ സമ്പൂർണാധിപത്യം കൊതിക്കുന്ന ചൈന സൈനിക ശക്തി വർധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെ നാവിക ശക്തി വർധിപ്പിക്കാനും മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും പാക്കിസ്ഥാന് നൽകാൻ ചൈന തീരുമാനിച്ചു.

വാണിജ്യ– സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുക, സമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാനെ മുന്നിൽ നിർത്തി ഇന്ത്യയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുക എന്ന ഇരട്ടത്തന്ത്രമാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ചൈനയുടേതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ 70 ശതമാനവും പാക്കിസ്ഥാനിലേക്കാണ്.

പാക്ക് സേനയ്ക്കു ചൈന ആയുധങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിലുള്ള വാർത്തകളിലും ഇന്ത്യാവിരുദ്ധ വികാരം വ്യക്തമാണ്. ഇന്ത്യയ്ക്കെതിരായ സൈനിക നീക്കങ്ങളിൽ ആയുധങ്ങൾ പാക്കിസ്ഥാനു മുതൽക്കൂട്ടാകുമെന്ന വാചകം ഏതാനും വർഷങ്ങളായി ചൈനീസ് വാർത്തകളിൽ പതിവാണെന്നും മുൻപില്ലാത്ത രീതിയാണിതെന്നും ചൈനയെ നിരീക്ഷിക്കുന്ന ഉന്നത സേനാവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നാവിക താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനും 4 അത്യാധുനിക ഡ്രോണുകൾ പാക്കിസ്ഥാന് നൽകാൻ അടുത്തിടെ ചൈന തീരുമാനിച്ചിരുന്നു. വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുടെ മറവിൽ അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈന നടപ്പാക്കുന്നത്.

സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന പാക്കിസ്ഥാനിൽ വൻ നിക്ഷേപം നടത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിൻജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്‌മീരിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കാരക്കോറം ഹൈവേ നിർമാണമാണ് അവയിൽ പ്രധാനം. പദ്ധതിയുടെ സുരക്ഷയ്ക്കെന്ന പേരിൽ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികർ എത്തിയിരുന്നു. അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈന നിർമിച്ച ഗ്വാദർ തുറമുഖവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു.

വാണിജ്യ സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടു പിടിക്കുന്നതിന്റെ മുന്നോടിയായായാണ് ആഫ്രിക്കയിലെ ജിബൂട്ടിയിൽ ചൈന ആദ്യ സൈനികത്താവളം നിർമിച്ചത്. ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വൻനിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കൻതീരത്തെ ഹമ്പന്തോഡയിൽ 2010 ൽ ചൈന കൂറ്റൻ തുറമുഖം നിർമിച്ചു. 2017 ൽ വൻനഷ്ടത്തിലായതിനെത്തുടർന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം ചൈനീസ് കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകി.

ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയിൽ അവർ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും മറ്റും തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഇന്ത്യയെ ചുറ്റിയൊരു കണ്ണ് വയ്ക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയെ ചുറ്റിയുള്ള കപ്പൽച്ചാലുകളിൽ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ നീക്കങ്ങൾ.

ഇന്ത്യൻ തീരത്ത് നിന്ന്‌ 700 നോട്ടിക്കൽ മൈൽ അകലെയാണ് ആൻഡമാൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎല്‍എ) ഭീഷണി ഈ മേഖലയിലേക്കും ഉണ്ടെന്നു നാവിക ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. പലതവണ ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടൽമേഖലയ്ക്കു സമീപം പിഎൽഎ നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യ കണ്ടെത്തി തുരത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽച്ചാലായ തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിൽ മേധാവിത്തം പുലർത്താൻ ആൻഡമാനിലെ നാവിക സാന്നിധ്യം കൊണ്ട് ഇന്ത്യയ്ക്കാകും. ചൈനയ്ക്ക് ഇന്ത്യൻ മഹസമുദ്രത്തിലേക്കു പ്രവേശിക്കാനുള്ള പാതയും മലാക്ക കടലിടുക്കാണ്.

MORE IN INDIA
SHOW MORE
Loading...
Loading...