ധാരണ പാലിക്കാതെ പ്രകോപനം തുടര്‍ന്ന് ചൈന; അതിര്‍ത്തിയില്‍ കൂടുതല്‍ സന്നാഹങ്ങള്‍

indiachina-delhi-01
SHARE

അതിര്‍ത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ പാലിക്കാതെ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുകയും ഏഴിടങ്ങളില്‍ യുദ്ധമുഖം തുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ പ്രകോപനങ്ങള്‍ വിവിധ രാജ്യങ്ങളെ ഇന്ത്യ ധരിപ്പിച്ചു. സംഘര്‍ഷാവസ്ഥ നീണ്ടുപോകാമെന്ന് വിലയിരുത്തുന്ന സൈന്യം അതിര്‍ത്തിയില്‍ കൂടുതല്‍ സന്നാഹങ്ങള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സൈനിക, നയതന്ത്ര ചര്‍ച്ചകളിലെ ധാരണകള്‍ ചൈന പാലിക്കാതായതോടെ കിഴക്കന്‍ ലഡാക്കിലെ സേന പിന്മാറ്റം വഴിമുട്ടിയിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നീക്കിയിട്ടില്ല. കൂടുതല്‍ മേഖലകളിലേയ്ക്ക് തര്‍ക്കം ഉന്നയിക്കുകയാണ്. സേനാ വിന്യാസവും വര്‍ധിപ്പിച്ചു. ഗല്‍വാനു പിന്നാലെ പാംഗോങ്ങില്‍ സ്ഥിതി ഏറെ രൂക്ഷമാണ്. ഫിംഗര്‍ നാലിന് സമീപം ചൈന ഹെലിപ്പാട് നിര്‍മിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബങ്കറുകളും ടെന്‍റുകളും നിര്‍മിച്ചു. പാംഗോങ്ങില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ ചൈനയുടെ പോര്‍ വിമാനങ്ങളെത്തി. പാംഗോങ്ങില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇന്ത്യയ്ക്ക് െവല്ലുവിളിയാണെന്ന് സേന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥിതി കൂടുതല്‍ വഷളായാല്‍ പാക് അധിനിവേശ കശ്മീരിലെ വ്യോമതാവളങ്ങള്‍ ചൈന ഉപയോഗിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പിഒകെയിലെ വ്യോമമേഖലിയില്‍ ഇന്ത്യ കനത്ത നിരീക്ഷണമേര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ നീണ്ടുനിന്നേക്കാമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. എന്തിനും സജ്ജരാകണം. കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കണമെന്ന് സര്‍ക്കാരിനെ അറിയിച്ചു. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങണമെന്നും ആവശ്യമുണ്ട്. 

കിഴക്കന്‍ ലഡാക്കില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തി ഡല്‍ഹിയിലെത്തിയ കരസേന മേധാവി എം എം നരവനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ നേരിട്ട് സാഹചര്യം വിശദീകരിച്ചു. ആക്രമണം നടത്തിയതും അതിര്‍ത്തിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നതും ചൈനയാണെന്ന് വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളെ അറിയിച്ചു. പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയുടെ ചൈനയിലെ സ്ഥാനപതി വിക്രം മിസ്‍രി പറഞ്ഞു. ചൈനയുടെ നീക്കം അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാക്കുക മാത്രമല്ല ഉഭയകക്ഷി ബന്ധത്തിലും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന്  വിക്രം മിസ്‍രി മുന്നറിയിപ്പ് നല്‍കി.

MORE IN INDIA
SHOW MORE
Loading...
Loading...