നാലാം ഇടത്തും ചൈനയുടെ പടയൊരുക്കം; ഉപഗ്രഹ ദൃശ്യങ്ങൾ; പാംഗോങ് നിർണായകം

china-pic-new
SHARE

കിഴക്കൻ ലഡാക്കിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. സേനാ നീക്കlത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഗൽവാനിൽ പ്രകോപനം തുടരുമ്പോഴും ചൈന ഏതാനും സേനാ വാഹനങ്ങൾ അതിർത്തിയിൽ നിന്നു നീക്കി. എന്നാൽ, കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിലെ പട്രോൾ പോയിന്റ് 14നു സമീപം സ്ഥാപിച്ച ചൈനീസ് ടെന്റുകൾ നീക്കിയിട്ടില്ല. ഘട്ടംഘട്ടമായി സന്നാഹങ്ങൾ പിൻവലിക്കാൻ 22നു ചേർന്ന കമാൻഡർമാരുടെ യോഗത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു. ഇരു സേനകളും പട്രോളിങ് നടത്തുന്ന അതിർത്തിയിൽ ടെന്റുകൾ സ്ഥാപിക്കാൻ പാടില്ലെന്നാണു ചട്ടം.

ഇതിനിടെ, ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു ചൈന പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. നിയന്ത്രണ രേഖയ്ക്ക് (എൽഎസി) ഏതാനും കിലോമീറ്റർ അകലെ, ഇന്ത്യയുടെ ഭാഗത്തു ഷ്യോക് –ഗൽവാൻ നദികൾ സംഗമിക്കുന്നിടം വരെ തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം.

സംഘർഷം തുടരുന്ന പാംഗോങ് മേഖലയിൽ 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയിൽ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.

നദിയിൽ വീണ് ജവാൻ മരിച്ചു

ഗൽവാനിൽ സേവനമനുഷ്ഠിക്കുന്ന കരസേനാ ജവാൻ നദിയിൽ വീണു മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശി സച്ചിൻ മോറെയാണു മരിച്ചത്. നദിയിൽ വീണ മറ്റു 2 ജവാൻമാരെ രക്ഷിക്കുന്നതിനിടെയാണു മരണമെന്നു മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...