കരുത്ത് കൂട്ടാനുറച്ച് ഇന്ത്യ; പ്രതിരോധ മന്ത്രിയുടെ റഷ്യൻ യാത്ര വെറുതെയല്ല

rajnath-24
SHARE

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റഷ്യയിലെത്തിയത് കൃത്യമായ ആലോചനകളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്. ഇന്ത്യാ– ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലും മന്ത്രി റഷ്യയിലേക്ക് പറന്നത് രാജ്യത്തിന് അടിയന്തരമായി വേണ്ട പടക്കോപ്പുകൾ സമാഹരിക്കാനാണെന്നാണ് പ്രതിരോധ മന്ത്രാലയം തന്നെ നൽകുന്ന സൂചനകൾ. പ്രതിരോധ സെക്രട്ടറിയും ചീഫ് ഓഫ് ഇന്റഗ്രേറ്റഡ്  ഡിഫൻസ് സ്റ്റാഫുമാണ് മന്ത്രിക്കൊപ്പമുള്ളത്. രണ്ടാം ലോകയുദ്ധത്തിന്റെ വിജയാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പരേഡിൽ പങ്കെടുക്കുന്നതിനായി സൈന്യം നേരത്തെ മോസ്കോയിൽ എത്തിയിരുന്നു.

സർവസന്നാഹങ്ങളോടെ സജ്ജമായിരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ നിർണായക സന്ദർശനം.റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷ്യോഗുവുമായി രാജ്നാഥ്സിങ് നേരത്തേ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. റഷ്യൻ നിർമിത ആയുധങ്ങളാണ് ഇന്ത്യൻ ശേഖരത്തിൽ കൂടുതലുമുള്ളത്. നിലവിലുള്ള പ്രതിരോധക്കരാറുകൾക്കുള്ളിൽ നിന്ന് മതിയായ ആയുധങ്ങൾ വാങ്ങുന്നതിലും സന്ദർശനത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 33 പോർവിമാനങ്ങൾ റഷ്യയിൽ നിന്നെത്തിക്കുന്നതിലും ഉടൻ തീരുമാനമായേക്കും.

500 കോടിയുടെ ആയുധങ്ങള്‍ ഉടനടി വാങ്ങാന്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇന്ത്യ പകുതിയോളം പടക്കോപ്പുകളും വാങ്ങിയിട്ടുള്ളത് റഷ്യയില്‍നിന്നാണ്. ഇപ്പോള്‍ മൂന്നു സേനകളും റഷ്യന്‍ നിര്‍മിത പോര്‍വിമാനങ്ങളിലും ടാങ്കുകളിലും യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കാന്‍ കഴിയുന്ന പടക്കോപ്പുകള്‍ വാങ്ങാനുള്ള നീക്കത്തിലാണ്. ചൈനയുമായി അതിർത്തിയിൽ സംഘർഷം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി മോസ്കോയിൽ എത്തുമെന്ന ഉറപ്പ് സർക്കാർ കൈമാറിയതും. 

ഇതിനു പുറമേ 200 കമോവ് കെഎ-226 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ക്കായി ഒരു ബില്യൻ ഡോളറിന്റെ ധാരണാപത്രം 2018 ജൂണില്‍ ഒപ്പുവച്ചിട്ടുണ്ട്. ഏഴു ലക്ഷത്തോളം എകെ-203 റൈഫിളുകള്‍ സംയുക്ത സംരംഭമായി ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. പത്ത് കമോവ് കെഎ-31 ഹെലികോപ്റ്റുകള്‍ റഷ്യയില്‍നിന്നു 3,600 കോടി രൂപയ്ക്കു വാങ്ങാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള കരാര്‍ അടുത്തുതന്നെ ഒപ്പുവയ്ക്കും.

MORE IN INDIA
SHOW MORE
Loading...
Loading...