ഇരുട്ടിൽ ആക്രമിക്കാൻ ആണി തറച്ച ബാറ്റ്; ഇരുമ്പുദണ്ഡ്; 'കൊടുംചതി'യെന്ന് സൈന്യം

india-china-satellite
SHARE

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചോര വീഴ്ത്തിയ ചൈനീസ് നടപടിയെ അതിർത്തി കാക്കുന്ന ഇന്ത്യൻ സേന വിശേഷിപ്പിക്കുന്നത് ഇങ്ങനെ – കൊടുംചതി. സേനാ പിൻമാറ്റം സംബന്ധിച്ച് ഇരു സേനകളും തമ്മിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യ അതു പാലിച്ചപ്പോൾ, പുറമേ പിന്മാറ്റത്തിന്റെ സൂചനകൾ നൽകിയ ചൈന രഹസ്യമായി സേനാ സന്നാഹം ശക്തമാക്കി.

ഈ മാസം 6നു ലഫ്. ജനറൽ തലത്തിൽ അതിർത്തിയിൽ ചേർന്ന യോഗത്തിലാണ് ഗൽവാനിലെ പിന്മാറ്റം സംബന്ധിച്ചു ധാരണയായത്. ഇതുപ്രകാരം ഗൽവാനിലെ പട്രോൾ പോയിന്റ് 14 ൽ നിന്ന് 5 കിലോമീറ്റർ പിന്നിലുള്ള പോസ്റ്റ് ഒന്നിലേക്കു മാറാൻ ചൈന സമ്മതിച്ചിരുന്നു. ഇന്ത്യൻ സേനയും അൽപദൂരം പിന്നോട്ടു മാറാൻ തീരുമാനിച്ചു. പട്രോൾ പോയിന്റ് 14ൽ ആരും നിലയുറപ്പിക്കരുതെന്നായിരുന്നു തീരുമാനം.

10 ദിവസത്തിനിടെ നടന്നത്

ആറാം തീയതി മുതൽ സംഘട്ടനമുണ്ടായ 15 വരെയുള്ള ദിവസങ്ങളിൽ പട്രോൾ പോയിന്റ് 14നു പിന്നിലായി ചൈനീസ് സേന വൻ പടയൊരുക്കം നടത്തുകയായിരുന്നുവെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ തെളിയിക്കുന്നു. ധാരണയനുസരിച്ച് ഇന്ത്യ പിന്മാറിയപ്പോൾ ഇരുനൂറിലധികം സേനാ വാഹനങ്ങൾ ഗൽവാൻ നദിയുടെ വശത്തായുള്ള മലനിരകളിൽ ചൈന നിരത്തി. ബ്രിഗേഡ് തലത്തിലുള്ള പടയൊരുക്കമായിരുന്നു ഇത് (ഏകദേശം 3000 സേനാംഗങ്ങൾ).

15ന് യോഗം, കൈകൊടുത്ത് ചൈന

15ന് ഉച്ചയ്ക്കു പിന്മാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ പട്രോൾ പോയിന്റ് 14ൽ ഇരു സേനകളുടെയും ബ്രിഗേഡ് കമാൻഡർമാർ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ തങ്ങളുടെ സേന ഘട്ടംഘട്ടമായി പിന്മാറ്റം ആരംഭിച്ചതായി ഇന്ത്യ അറിയിച്ചു. തങ്ങളും പിന്മാറുകയാണെന്നു ചൈനയും വ്യക്തമാക്കി. എന്നാൽ, പ്രദേശത്തു സ്ഥാപിച്ച ടെന്റുകൾ ചൈന പൊളിച്ചു നീക്കാത്തത് ഇന്ത്യ ചോദ്യം ചെയ്തു. ഉടൻ നീക്കാമെന്ന ചൈനയുടെ മറുപടിയിൽ കൂടിക്കാഴ്ച അവസാനിച്ചു. ഇതിന് ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ കേണൽ സന്തോഷ് ബാബുവും സാക്ഷിയായിരുന്നു.

ചോര വീണ രാത്രി

ചൈന ടെന്റ് പൊളിച്ചുമാറ്റിയോ എന്നു പരിശോധിക്കാൻ സന്തോഷ് അടക്കം 5 പേർ രാത്രി പട്രോൾ പോയിന്റ് 14ലേക്കു ജീപ്പിലെത്തി. ധാരണ ലംഘിച്ചു ചൈനീസ് സംഘം ടെന്റുകളിൽ നിലയുറപ്പിച്ചിരിക്കുന്നതാണ് അവിടെ കണ്ടത്. രൂക്ഷ ഭാഷയിൽ പ്രതികരിച്ച സന്തോഷും സംഘവും ടെന്റ് പൊളിക്കാതെ തങ്ങൾ മടങ്ങില്ലെന്നു വ്യക്തമാക്കി.ടെന്റ് നിലനിർത്താനാണു തീരുമാനമെന്നും തങ്ങളുടെ പ്രദേശത്തേക്ക് ഇന്ത്യ കടന്നുകയറിയെന്നും ചൈനീസ് സേന തിരിച്ചടിച്ചു. ഇത് വാക്കുതർക്കത്തിലേക്കു നീണ്ടു.

ഇരുളിൽ ആക്രമിക്കാൻ ഇരുമ്പുദണ്ഡും ബേസ്ബോൾ ബാറ്റും

അതിർത്തിയിലുണ്ടാകുന്ന വാക്കുതർക്കങ്ങൾ പലപ്പോഴും കല്ലേറിലാണു കലാശിക്കുക. ഇത്തരം സംഘട്ടനങ്ങളിൽ സേനകൾ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാൽ, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച ബേസ്ബോൾ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും എണ്ണത്തിൽ കൂടുതലായിരുന്ന ചൈനക്കാർ ഇവരെ കീഴ്പ്പെടുത്തി.

വയർലസിൽ വിവരം ലഭിച്ചതോടെ ഇൻഫൻട്രി ബറ്റാലിയനിൽ നിന്നു കൂടുതൽ ഇന്ത്യൻ സൈനികർ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തങ്ങളുടെ ഭാഗത്തേക്കു കടന്നുകയറിയ ഇന്ത്യ രണ്ടാമതും അതിർത്തി ലംഘിച്ചെന്ന് ചൈനയുടെ ആരോപണം. പട്രോൾ പോയിന്റിന്റെ 5 കിലോമീറ്റർ പിന്നിലായി നിലയുറപ്പിച്ചിരുന്ന കൂടുതൽ ചൈനീസ് സേനാംഗങ്ങളും സ്ഥലത്തെത്തി.

ഇരുട്ടിലെ  കൂട്ടയടി

കമാൻഡിങ് ഓഫിസർ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ട ഇന്ത്യൻ ജവാൻമാർ ചൈനീസ് സംഘത്തിനു നേരെ ചീറിയടുത്തു. ഇരുമ്പു ദണ്ഡും ബാറ്റും കല്ലുമുപയോഗിച്ച് എണ്ണൂറോളം പേർ ഏറ്റുമുട്ടി. ഒട്ടേറെ പേർക്കു തലയ്ക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 2 മണി വരെ സംഘട്ടനം നീണ്ടു. കൂട്ടപ്പൊരിച്ചിലിനിടയിൽ സമീപമുള്ള ഗർത്തത്തിലേക്കും ഗൽവാൻ നദിയിലേക്കും ഇരുരാജ്യങ്ങളുടെയും ഭടന്മാർ വീണു. മുങ്ങിപ്പോകാനുള്ള വെള്ളമില്ലാത്ത നദിയിലെ കൊടുംതണുപ്പും മരണകാരണമായി.

രക്ഷാപ്രവർത്തനവും തടഞ്ഞു

സൈനികർ നദിയിൽ വീണുവെന്ന സന്ദേശം ഇൻഫൻട്രി ആസ്ഥാനത്ത് ലഭിച്ചെങ്കിലും രാത്രിയായതിനാൽ രക്ഷാപ്രവർത്തനത്തിനു ഹെലികോപ്റ്റർ അയയ്ക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ഗൽവാൻ നദിയുടെ തെക്കൻ തീരത്ത് ഹെലികോപ്റ്ററിൽ ഇന്ത്യൻ സേനാംഗങ്ങൾ പറന്നിറങ്ങിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചൈനീസ് സൈനികർ രക്ഷാപ്രവർത്തനം തടഞ്ഞു.

പിന്നാലെ സേനയുടെ ഡിവിഷനൽ കമാൻഡർ മേജർ ജനറൽ അഭിജിത് ബാപത് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി. ഏറെ നേരത്തേ വാഗ്വാദത്തിനു ശേഷമാണു ചൈനീസ് സേന പിൻമാറിയത്. അപ്പോഴേക്കും പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ലേയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.

MORE IN INDIA
SHOW MORE
Loading...
Loading...