കോവിഡ്; ടെസ്റ്റുകൾ കുറച്ചത് എന്തിനെന്ന് ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

covid-national12
SHARE

കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. എന്തടിസ്ഥാത്തിലാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതെന്ന ചോദിച്ച കോടതി രോഗികളോടും മൃതദേഹങ്ങളോടും മാന്യമായി പെരുമാറാന്‍ പോലും കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ നിറഞ്ഞ് കവിയുകയാണ്. ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടികുറയ്ക്കുന്നത് തെറ്റാണെന്നന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ്‌  ബാധിച്ച്‌ മരിച്ചവരുടെ  മൃതദേഹങ്ങൾ മോശമായി കൈകാര്യം ചെയ്യുന്നതായും  രോഗികളോട് അപമര്യാദയായി പെരുമാറുന്നതായുമുള്ള വാര്‍ത്തകളില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസ് പരിഗണിച്ചുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്. 2000 ബെഡുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ ആശുപത്രി പ്രവേശത്തിനായി ഡല്‍ഹിയില്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. മൃതദേഹങ്ങള്‍ ഒരു ആശുപത്രിയിലെ മോര്‍ച്ചറിയിലും വരാന്തയിലും കുമിഞ്ഞുകൂടിയിരിക്കുന്നു. 

മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള മാര്‍ഗരേഖ പാലിക്കപ്പെടുന്നില്ല. രോഗികളെ ചികിത്സിക്കാന്‍ വാര്‍ഡുകളിലാളില്ല. ആവശ്യമായ ഓക്സിജന്‍ സൗകര്യങ്ങളില്ല. ഇത്തരത്തില്‍ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴാണ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത്. രോഗവ്യാപനം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചപ്പോള്‍ ടെസ്റ്റുകളുടെ എണ്ണം ദിവസം ഏഴായിരത്തില്‍ നിന്ന് അയ്യായിരമായി കുറച്ചു.  

ഇതിന്‍റെ ഉദ്ദേശമെന്താണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. രാജ്യമെമ്പാടും മൃതദേഹങ്ങളോടും രോഗികളോടും കാണിക്കുന്ന അനദാരവ് ഞെട്ടിപ്പിക്കുന്നതാണ്. മൃതദേഹങ്ങൾ മാലിന്യ കൂമ്പാരത്തിൽ വരെ തള്ളുകയാണ്. മൃഗങ്ങളേക്കാള്‍ മോശമായാണ് ചിലര്‍ രോഗികളോട് പെരുമാറുന്നതെന്നും കോടതി തുറന്നടിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി,മഹാരാഷ്ട്ര,തമിഴ്നാട്,ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസയച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. 

ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടികുറയ്ക്കുന്ന വിഷയത്തിൽ മറ്റൊരു കേസ് പരിഗണിക്കവേ കോടതി അതൃപ്തി രേഖപ്പെടുത്തി. കൊറോണയ്ക്കെതിരായ യുദ്ധതിത്തിലെ സൈനികരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവരെ അതൃപ്തരാക്കരുത്.  ആശങ്കകൾ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് മൂന്ന് മാസമായി ശമ്പളം കൊടുക്കാത്ത വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...