65 എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റി; ഗുജറാത്തിൽ കോൺഗ്രസിന് തലവേദന

ഗുജറാത്തിൽ 65 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഗുജറാത്ത് കോൺഗ്രസിന് ആഘാതമായി ഒരു എംഎൽഎ കൂടി ഇന്ന് രാജിവച്ചിരുന്നു. ഇതോടെയാണ് ബാക്കിയുള്ള എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇവരെ മൂന്നു റിസോർട്ടുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. മോർബി എംഎൽഎ ബ്രിജേഷ് മെർജയാണു ഇന്ന് പാർട്ടി വിട്ടത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജിവച്ച എംഎൽഎമാരുടെ എണ്ണം മൂന്നായി. 4 മാസത്തിനിടെ രാജിവച്ചവരുടെ എണ്ണം എട്ടും.  

രാജ്യസഭാ തിരഞ്ഞെടുപ്പ് 19നു നടക്കും. 182 അംഗ സഭയിൽ ബിജെപി (103), കോൺഗ്രസ് (65), ഭാരതീയ ട്രൈബൽ പാർട്ടി (2), എൻസിപി (1) എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മെവാനിയുടെ പിന്തുണ കോൺഗ്രസിനാണ്. 

4 രാജ്യസഭാ സീറ്റുകളിലേക്കു ബിജെപിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിന്റെ ശക്തിസിങ് ഗോഹിൽ എന്നിവർ തിരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ ഉറപ്പായിരുന്നു. കോൺഗ്രസിൽ രാജി തുടരുന്നതോടെ മൂന്നാം സ്ഥാനാർഥി നരഹരി അമിന്റെ വിജയവും ബിജെപി ഉറപ്പിച്ചു.