എംപിയെ കാണാനില്ലെന്ന് അമേഠിയിൽ പോസ്റ്റർ; കണക്ക് പറഞ്ഞ് സ്മൃതി ഇറാനി; പോര്

രാഹുൽ ഗാന്ധിയുടെ കയ്യിൽ നിന്നും അമേഠി മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ കോവിഡ് കാലത്ത് മണ്ഡലത്തിലുടനീളം എംപിയെ കാണാനില്ല എന്ന പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിലെ സ്മൃതിയുടെ വിജയം വലിയ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടുന്നതിനിടെയിലാണ് പോസ്റ്ററുകൾ തലവേദനയാകുന്നത്.

തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം രണ്ടു ദിവസങ്ങളിലായി കേവലം മണിക്കൂറുകൾ മാത്രമാണ് സ്മൃതി മണ്ഡലത്തിലെത്തിയതെന്ന് പോസ്റ്ററുകളിൽ പറയുന്നു. സംഘടനയുടെ പേര് ഉൾപ്പെടുത്താതെയുള്ള പോസ്റ്ററുകൾ വൈറലായതോടെ മറുപടിയുമായി സ്മൃതി രംഗത്തെത്തി. ഈ പോസ്റ്ററുകൾ ആൾ ഇന്ത്യാ മഹിളാ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലും പങ്കിട്ടിരുന്നു.  '8 മാസത്തിൽ 10 തവണ 14 ദിവസം മണ്ഡലത്തിൽ എത്തി. സോണിയാ ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്ര തവണ എത്തിയെന്ന് പറയാമോ? ഇതിന് മറുപടിയായി സ്മൃതി ട്വീറ്റ് ചെയ്തു.