ജൂൺ 21 മുതൽ 28വരെ നിർണായകം; കോവിഡ് കേസുകൾ കൂടുതൽ ഉയരും; പഠനം

covid-india-case-june
SHARE

രാജ്യം മുഴുവന്‍  കോവിഡ് 19 നെ നേരിടാന്‍ പൂര്‍ണസജ്ജരായി പ്രവര്‍ത്തിക്കുമ്പോള്‍ അതീവനിര്‍ണായകമായ ഒരു മുന്നറിയിപ്പുമായി ഗവേഷകര്‍. ജൂണ്‍ 21 മുതല്‍  28  വരെയുള്ള ദിനങ്ങളില്‍ രാജ്യത്ത് കൊറോണ കേസുകള്‍ അതിന്റെ ഏറ്റവും കൂടിയ തോതില്‍ എത്തുമെന്ന് പഠനം. ദിനംപ്രതി 7,000-7,500 കേസുകള്‍ വരെ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം എന്നാണ് ഗവേഷകർ പറയുന്നത്.

ജൂണ്‍ അവസാനം വരെ കോവിഡ് കേസുകള്‍ കൂടിയ അളവില്‍ റിപ്പോര്‍ട്ട്‌ ചെയ്യുമെന്നും എന്നാല്‍ ജൂലൈ രണ്ടാം വാരത്തോടെ രാജ്യത്ത് കേസുകളില്‍ ഗണ്യമായ കുറവ് കണ്ടു തുടങ്ങുമെന്നും ഗവേഷണത്തില്‍ പറയുന്നു.

ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ കൊറോണ കേസുകളില്‍ വലിയ കുറവ് ഉണ്ടാകുമെന്നും രോഗത്തെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്നും ഈ ഗവേഷണം പറയുന്നു.

ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറും സെന്റർ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ്‌ ഇക്കോളജി കോര്‍ഡിനേറ്ററും ആയ  ബൈരാഗിയാണ് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

സര്‍ക്കാരിന്റെ Science and Engineering Research Board (SERB) ന്റെ മത്തമാറ്റിക്കല്‍ മോഡല്‍ അനുസരിച്ചായിരുന്നു ഈ പഠനം. ഒക്ടോബര്‍ മാസത്തോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ എത്തുമെന്നും ഈ പഠനം പറയുന്നു. പിന്നീടു ഇതില്‍ ഗണ്യമായ കുറവ് കാണിക്കും.

ജൂണ്‍ മാസത്തെ ഈ കൂടിയ തോതിന് കാരണമായി ഈ പഠനം പറയുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ രോഗം പരത്തുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ്. കൊറോണയ്ക്കുള്ള വാക്സിന്‍ കണ്ടെത്തും വരെ രാജ്യം അതീവശ്രദ്ധ ചെലുത്തണം എന്നും ഈ പഠനം പറയുന്നുണ്ട്. കഴിവതും പൊതുഗതാഗതസൗകര്യങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കാതെയും സുരക്ഷാനടപടികള്‍ സ്വീകരിച്ചും വേണം ആളുകള്‍ പുറത്തിറങ്ങാന്‍.

MORE IN INDIA
SHOW MORE
Loading...
Loading...