കോവിഡ് വ്യാപനത്തില്‍ റെക്കോഡ് വര്‍ധന; അരലക്ഷം പേർക്ക് രോഗമുക്തി; 137 മരണം

covid
SHARE

രാജ്യത്ത് ലോക്ഡൗണ്‍ അറുപതാം ദിവസത്തിലെത്തിനില്‍ക്കുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ റെക്കോഡ് വര്‍ധന. 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അന്‍പത്തിനാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ ഒന്നേകാല്‍ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ നൂറ്റിമുപ്പത്തിഏഴു പേര്‍ മരിച്ചു. ആകെ മരണം മൂവായിരത്തി എഴുന്നൂറ്റി ഇരുപത്് ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം അരലക്ഷം കടന്നത് ആശ്വാസമായി.  

നാലുഘട്ടങ്ങളിലായി ലോക്ഡൗണ്‍ അറുപതാംദിവസത്തിലെത്തുമ്പോള്‍ ദിനംപ്രതി റെക്കോഡ് തിരുത്തി കോവിഡ് കേസുകള്‍ കുതിച്ചു ഉയരുകയാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 6,654 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ േകസുകള്‍ ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തി നൂറ്റി ഒന്നായി. പുതിയ കേസുകളിലെ പകുതിയും രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം അരലക്ഷം കടന്നപ്പോള്‍ ചികില്‍സയിലുള്ളത് 69,597 പേരാണ്. അതേസമയം, ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഹോട്ട്സ്പോട്ട് ആയി മാറുകയാണ്. കോവിഡ് വ്യാപനത്തില്‍ നിലവില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയ്‍ക്കിടെ കേസുകള്‍ ക്രമാതീതമായി കൂടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്. അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നിവ മാത്രമാണ് ഇന്ത്യയ്‍ക്ക് മുന്നില്‍. ഈമാസം തുടക്കത്തില്‍  ശരാശരി 2400 കേസുകളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ നാലുദിവസമായി അയ്യായിരത്തിലധികവും രണ്ടുദിവസമായി ആറായിരത്തിലധികവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരിശോധന കൂടിയതും കേസുകള്‍ വര്‍ധിക്കാനുള്ള ഒരു കാരണമായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷ പതിനയ്യായിരം സാംപിളുകളാണ് പരിശോധിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ 28 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു. കേസുകള്‍ ഇരട്ടിക്കുന്ന സമയം 14 ദിവമായി ഉയര്‍ന്നിട്ടുണ്ടെന്നും ആശ്വാസക്കണക്കായി കേന്ദ്രം പറയുന്നു. അതിഥി തൊഴിലാളികളുടെ മടക്കം ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈ, അഹമ്മദാബാദ്, സൂറത്ത്, ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാം, ബംഗളൂറു എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ രോഗലക്ഷണങ്ങളില്‍ ഇല്ലെങ്കിലും ക്വാറന്റീന്‍ ക്യാംപുകളില്‍ പാര്‍പ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്നവരില്‍ ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കും. 

MORE IN INDIA
SHOW MORE
Loading...
Loading...