‘ഞങ്ങള്‍ പാവങ്ങളാണ്; മരിച്ചേക്കാം’; ബിബിസിയോട് പൊട്ടിക്കരഞ്ഞ് അവര്‍: കണ്ണീര്‍കാഴ്ച

migrant-workers
SHARE

കോവിഡ് വ്യാപനവും ലോക്ഡൗണുമെല്ലാം രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളെയാണ് ഏറെ ബാധിച്ചത്. വികസ്വര രാജ്യമായ ഇന്ത്യയുടെ എല്ലാവിധ പുരോഗമന പ്രവര്‍ത്തനങ്ങളുടെയും നട്ടെല്ല് കുടിയേറ്റ തൊഴിലാളികളായിരുന്നു. ഇവരാണ് ഇക്കാലത്ത് ഏറ്റവുമധികം ദുരിതത്തിലായത്. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തങ്ങാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ പകച്ചതും നാടുവിട്ട് തൊഴിലിടങ്ങളില്‍ കുടുങ്ങിപ്പോയവരാണ്.

ഇന്ത്യയിലെ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിച്ച് നഗരങ്ങളില്‍ നിന്ന് പലായനം ചെയ്തത്. പട്ടിണി കിടക്കുമെന്ന് ഭയപ്പെട്ടാണ് ഇവര്‍ ഈ പലായനത്തിനൊരുങ്ങിയത്. കൈക്കുഞ്ഞുങ്ങളെ പോലും എടുത്തുകൊണ്ടുള്ള അവരുടെ യാത്രയുടെ കാഴ്ചകള്‍ രാജ്യം ഒരിക്കലും മറക്കില്ല. പലര്‍ക്കും പാതിവഴിയില്‍ ജീവന്‍ പോലും നഷ്ടമായി.

മധ്യപ്രദേശില്‍ നിന്നും കൂട്ടപലായനം നടത്തുന്ന അതിഥിതൊഴിലാളികളെ ഡല്‍ഹിയില്‍ വച്ച് കണ്ടുമുട്ടിയതിന്റെ വിഡിയോ റിപ്പോര്‍ട്ട് ബിബിസി പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. അവരുടെ വാക്കുകള്‍ ഇതാണ്. 'പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളോട് ചെയ്തത് വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ക്ക് വിശന്നാല്‍ അത് എങ്ങനെയെങ്കിലും കൈകാര്യം ചെയ്തോളുമല്ലോ. എവിടെയോ ഇരുന്നുകൊണ്ട് അദ്ദേഹം ഞങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഞങ്ങള്‍ പാവങ്ങളാണ്. ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും അദ്ദേഹത്തിന് ചെയ്യാമല്ലോ?. അത് സാരമില്ല എന്തായാലും. ഇപ്പോള്‍ ഞങ്ങള്‍ മടങ്ങുകയാണ്. ചിലപ്പോള്‍ മരിച്ചേക്കാം. എന്തു വന്നാലും കുട്ടികളുമായി മടങ്ങുകയാണ്. ഞങ്ങള്‍ വളരെ അധികം ബുദ്ധിമുട്ടിലാണ്. പല തരത്തിലും പീഡിപ്പിക്കപ്പെടുന്നു. കുട്ടികളെ നോക്കൂ. എങ്ങനെ അവരുമായി ഇങ്ങനെ നടക്കും. ഈ അതിര്‍ത്തിയില്‍ നിന്നും അവര്‍ ഞങ്ങളെ ഓടിക്കും. പിന്നെ എവിടേക്ക് പോകും. 

അമ്പാല എന്ന സ്ഥലത്തു നിന്ന് 6 ദിവസം മുമ്പാണ് യാത്ര തിരിച്ചത്. 500 രൂപയ്ക്ക് പൊട്ടിപ്പൊളിഞ്ഞ ഒരു സൈക്കിള്‍ വാങ്ങി. അതിലാണ് ഇവയെല്ലാം കെട്ടിപ്പെറുക്കി യാത്ര. അവര്‍ക്കൊക്കെ ഇതറിയേണ്ട ആവശ്യം ഇല്ലല്ലോ. ഒരു ഫോണ്‍ വിളിച്ചാല്‍ ഭക്ഷണം ലഭിക്കാം. ഒരിടത്ത് ഇരുന്നാല്‍ മാത്രം മതിയല്ലോ. ഞങ്ങളെ പൊലീസ് അടിച്ചോടിക്കുകയാണ്. ഒരിടത്ത് ഒരാളെ പൊലീസ് അടിച്ച് നിലത്തിട്ടു'. കരഞ്ഞുകൊണ്ട് കൂട്ടത്തിലുള്ള ബിബിസിയോട് യുവാവ് പറയുന്നു. കൈക്കു‍ഞ്ഞുങ്ങളെയും എടുത്താണ് ഇവര്‍ യാത്ര തിരിച്ചത്. ഭക്ഷണമോ വെള്ളമോ എവിടെ നിന്നും ലഭിച്ചില്ലെന്നും പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...