കോണ്‍ഗ്രസ് എം.പി ജ്യോതിമണിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; തമിഴകത്ത് രോഷം

jyothimani-mp-tamilnadu
SHARE

വനിതാ എംപിക്കെതിരായ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴകത്ത് വന്‍ വിവാദം. ബിജെപി വക്താവും തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവുമായ കരൂ നാഗരാജനാണ് ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംപി ജ്യോതിമണിയെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്.  യുവ വനിതാ നേതാവിനെതിരെയുള്ള ആക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധവും കനക്കുകയാണ്.  

തമിഴ്നാട്ടിലെ  ന്യൂസ് ചാനലായ ന്യൂസ് 7 ന്റെ എട്ടുമണി ചര്‍ച്ചയിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ലോക്ക്ഡൗണും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച  പാക്കേജുമായിരുന്നു ചര്‍ച്ചയുടെ വിഷയം. കോണ്‍ഗ്രസിനെ പ്രതിനിധികരിച്ചു പങ്കെടുത്തതു കരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പിയും യുവനേതാവുമായ ജ്യോതിമണി. ബി.ജെ.പിയുടെ ഭാഗം പറയാനെത്തിയത് വക്താവും തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവുമായ കരൂ നാഗരാജന്‍. ചര്‍ച്ച പുരോഗമിക്കവെ ജ്യോതിമണി നാഗരാജന്റെ വാദങ്ങളെ ഖണ്ഡിച്ച് രംഗത്തെത്തി. തുടര്‍ന്നങ്ങോട്ട് നാഗരാജന്റെ പ്രതികരണങ്ങളാണ് വിവാദമായത്.

മൂന്നാം കിട പെണ്ണിന്റെ വാക്കുകള്‍ക്ക് മറുപടി പറയേണ്ടതില്ലന്നും താഴ്ന്ന ജന്‍മമാണ് ജ്യോതിമണിയുടേതുമെന്നുമായിരുന്നു അധിക്ഷേപം.

ഇടയ്ക്ക് അവതാരകന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും നാഗരാജന്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു. വന്‍ വിമര്‍ശനമാണ് നാഗരാജന്റെ വാക്കുകള്‍ സംസ്ഥാനത്ത് ഉയര്‍ത്തിയത്. നാഗരാജനെതിരെ സ്ത്രീതത്വത്തെ അപമാനിച്ചതിനു കേസെടുക്കണമെന്നാവശ്യപെട്ട് ട്വിറ്ററില്‍ ക്യാംപെയിന്‍ ആരംഭിച്ചു. #standwithjyothimani ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.  

നാഗരാജന്റെ അപകര്‍ഷതാ ബോധമാണ് പുറത്തു ചാടിയതെന്നും ജ്യോതിമണിക്കു നേരെയുണ്ടായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും കനിമൊഴി എം.പി ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള ബി.ജെ.പിയുടെ യാഥാസ്തിക മനസാണിത് കാണിക്കുന്നതെന്നും സ്ത്രീത്വത്തെ തന്നെ അപമാനിച്ച ബി.ജെ.പി വക്താവിനെതിരെ കേസെടുക്കണമെന്നും വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പി ആവശ്യപെട്ടു. മാപ്പ് പറയണമെന്നാവശ്യപെട്ട് നിരവധി പ്രമുഖരും രംഗത്തെത്തി.

ജ്യോതിമണി: രാഹുല്‍ഗാന്ധി കണ്ടെത്തിയ നേതാവ്.  കരൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന എ.ഡി.എം.കെ നേതാവും മുന്‍ ലോക്സഭ ‍ഡെപ്യൂട്ടി സ്പീക്കറും പലതവണ  കേന്ദ്രമന്ത്രിയുമായിരുന്ന തമ്പിദുരൈയെ  നാലുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറച്ചാണ് ജ്യോതിമണി ശ്രദ്ധനേടുന്നത്.  എഴുത്തുകാരി കൂടിയായ ജ്യോതിമണി രാഹുല്‍ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തിയ നേതാവ് കൂടിയാണ്. ദ്രാവിഡ പാര്‍ട്ടികളുടെ  അപ്രമാദിത്വത്തില്‍ നിറംമങ്ങിയ തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ യുവമുഖം കൂടിയാണ്  ജ്യോതിമണി.

MORE IN INDIA
SHOW MORE
Loading...
Loading...