നൂറില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇന്ത്യ എടുത്ത ദിവസം; കണക്ക് ഇങ്ങനെ

india1
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണം 3163 ആയി.  24 മണിക്കൂറിനിടെ 134 പേര്‍ മരിച്ചു.  4970 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്,ഡല്‍ഹി,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് മടങ്ങിയെത്തിയ നാലില്‍ ഒരു തൊഴിലാളിക്ക് കോവിഡുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥി തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂടുതലായി മടങ്ങുന്ന സാഹചര്യത്തില്‍ രോഗവ്യാപനം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ജനുവരി 30ന് കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗബാധയുണ്ടാകുന്നത്. ഇത് കഴിഞ്ഞ് 111 ദിവസം പിന്നിടുമ്പോഴാണ് ഒരുലക്ഷം രോഗികളെന്ന ആശങ്കപ്പെടുത്തുന്ന കണക്കിലേക്ക് രാജ്യമെത്തുന്നത്.101113 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. 39174പേര്‍ രോഗമുക്തി നേടി. 58802 പേര്‍ ചികിത്സയില്‍ . ഒരു കോവിഡ് രോഗിയില്‍ നിന്ന് കാല്‍ലക്ഷം രോഗികളിലേക്കെത്താന്‍ രാജ്യത്തിന് വേണ്ടിവന്നത് 86 ദിവസമായിരുന്നു. എന്നാല്‍ കഴഞ്ഞ 23 ദിവസത്തിനുള്ളിലാണ് ബാക്കിയുള്ള 75000 രോഗികളുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 25000 പുതിയ രോഗികള്‍. നാലാം ഘട്ട ലോക്ഡൗണിന്‍റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സമയത്താണ് രോഗികളുടെ എണ്ണത്തിലുള്ള ഈ വന്‍ കുതിച്ച് ചാട്ടം. ഇളവുകളുടെ ബലത്തില്‍ ജനജീവിതം കൂടുതല്‍ സാധാരണ നിലയിലേക്കെത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന ജാഗ്രതക്കുറവ് രോഗവ്യാപനത്തിന്‍റെ വേഗത ഇനിയും ശക്തിപ്പെടുത്തിയേക്കുമോയെന്ന ആശങ്ക ശക്തമാണ്. ഇതോടൊപ്പമാണ് വിദേശ ഇന്ത്യക്കാരുടെയും അതിഥി തൊഴിലാളികളുടെ മടക്കം. മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളില്‍ വൈറസ് സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കുമെന്ന സൂചനയാണ് ബിഹാറില്‍ നിന്ന് പുറത്തുവരുന്നത്.

സംസ്ഥാനത്ത് മടങ്ങിയെത്തിയ തൊളിലാളികളില്‍ എട്ട് ശതമാനത്തിലും ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയവരില്‍ 835 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 218 സാമ്പിളുകള്‍ പോസിറ്റീവായി. അതായത് ഓരോ നാല് അതിഥി തൊളിലാളികളില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെന്നര്‍ത്ഥം. മറ്റ് സംസ്ഥാനങ്ങളിലും സമാന അവസ്ഥ ഉണ്ടായാല്‍ ഇതുവരെ പ്രധാനമായും നഗരങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന കോവിഡ് ഗ്രാമീണ് ഇന്ത്യയിലേക്കും വ്യാപിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...