500 ബസുകൾ വീതം നോയിഡയിലേക്കും ഗാസിയാബാദിലേക്കും; വീടണയാന്‍ വഴിതെളിഞ്ഞു

yogi-priyanka-bus
SHARE

ഉത്തർപ്രദേശിലെ യോഗി സർക്കാരും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും തമ്മിലുള്ള പോരാട്ടം അവസാനത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ന് വൈകിട്ട് അ‍ഞ്ചുമണിയോട് കൂടി ബസുകൾ അതിഥി തൊഴിലാളികളുമായി പുറപ്പെടുമെന്നാണ് സൂചന. 500 ബസുകൾ‌ നോയിഡയിേലക്കും 500 ബസുകൾ ഗാസിയാബാദിലേക്കും എത്തിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കോൺഗ്രസിന് കത്തുനൽകി.

ഇതിന് പിന്നാലെ സർക്കാർ പറഞ്ഞ സ്ഥലങ്ങളിൽ വൈകിട്ട് അഞ്ചുമണിയോടെ ബസുകൾ എത്തിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്നലെ ബസുകൾക്ക് യോഗി സർക്കാർ അനുമതി നൽകിയെങ്കിലും കടുത്ത നിബന്ധനകൾ പിന്നീട് കൊണ്ടുവന്നിരുന്നു.

അതിർത്തിയിൽ തുടരുന്ന ആയിരം ബസുകളും ഡ്രൈവർമാരും തലസ്ഥാനമായ ലഖ്നൗവിൽ എത്തണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയാറായില്ല. ഇതിന് പിന്നാലെയാണ് ‌നോയിഡയിലും ഗാസിയാബാദിലും എത്താൻ സർക്കാർ നിർദേശം നൽകിയത്.

കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ്‌ സജ്ജമാക്കിയ 1000 ബസുകൾക്ക് അനുമതി നൽകിയതിനു ശേഷവും യു.പിയിൽ യോഗി സർക്കാരും കോൺഗ്രസ്സും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. റജിസ്‌ട്രേഷൻ നടപടികൾക്കായി ബസുകൾ ലക്നൗവിൽ എത്തിക്കണമെന്ന യു.പി സർക്കാരിന്റെ ആവശ്യം കോൺഗ്രസ്‌ തള്ളിയതോടെയാണ് പ്രശ്നം രൂക്ഷമായത്.  കോണ്‍ഗ്രസ്  ബസുകളുടെയെന്ന പേരില്‍ ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും വിവരങ്ങളാണ് നല്‍കിയതെന്ന് യു.പി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് ആരോപിക്കുകയും ചെയ്തു. 

പലായനം ചെയ്യുന്നതിനിടെ അപകടത്തിൽ  കുടിയേറ്റ തൊഴിലാളികളുടെ ജീവൻ ദിവസേന പൊലിയുന്നതിനിടെയാണ് ഇവർക്കായി കോൺഗ്രസ്‌ സജ്ജമാക്കിയ ബസുകളെ ചൊല്ലി രാഷ്ട്രീയ പോര്. ബസുകൾ രജിസ്‌ട്രേഷൻ നടപടികൾക്കായി ലക്നൗവിൽ എത്തിക്കണമെന്ന സർക്കാർ നിർദേശം കോൺഗ്രസ്‌ അംഗീകരിച്ചില്ല. നടപടി മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന്  അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്തിക്കയച്ച കത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.  

നോയിഡ, ഗാസിയബാദ് അതിർത്തിയിലുള്ള ബസുകൾ രജിസ്ട്രേഷൻ നടപടികൾക്ക് വേണ്ടി  മാത്രം ലക്നൗവിൽ എത്തിക്കുക പ്രായോഗികമല്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് ഉദ്ദേശ്യമില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ബസുകൾ ജില്ല മജിസ്‌ട്രേറ്റുമാർക്ക് കൈമാറാനാണ് സർക്കാരിന്റെ പുതിയ നിർദേശം.  പലായനം ചെയ്യുന്ന തൊഴിലാളികളെ എത്തിക്കാൻ 1000  ബസുകളുടെ ലിസ്റ്റ് ഇന്നലെ കോൺഗ്രസ്‌ യു.പി സർക്കാരിന് കൈമാറിയിരുന്നു. ബസുകൾക്ക് അനുമതി നൽകിയ ശേഷവും സാങ്കേതികത്വം പറഞ്ഞു കുടിയേറ്റ തൊഴിലാളികളുടെ യാത്ര മുടക്കാനാണ് സർക്കാർ ശ്രമമെന്നാണ് കോൺഗ്രസ്‌ ആരോപണം.

MORE IN INDIA
SHOW MORE
Loading...
Loading...