21 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്; കേന്ദ്രത്തിന് ചിലവ് 2.27 ലക്ഷം കോടി മാത്രം

finance-impact
SHARE

കോവിഡ് മൂലമുളള പ്രതിസന്ധി പരിഹരിക്കുന്നതിന് 21 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന്‍റെ ആകെ സാമ്പത്തിക ബാധ്യത 2.27 ലക്ഷം കോടി മാത്രമെന്ന് കണക്കുകള്‍. ആര്‍ബിഐ നേരത്തെ പ്രഖ്യാപിച്ച പണലഭ്യത നടപടികള്‍ ഉത്തേജക പാക്കേജിന്റെ ഭാഗമായതിനാല്‍ സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കുറയും. കൂടാതെ ചില പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിന്‍റെ ഭാഗമായതും സര്‍ക്കാരിന്‍റെ ബാധ്യത കുറച്ചു .21 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതിന്‍റെ പത്ത് ശതമാനം മാത്രമാണ്  ഖജനാവില്‍ നിന്ന് കേന്ദ്രത്തിന് ചെലവാകുക. പരമാവധി 2.27 ലക്ഷം കോടിയാണ് പാക്കേജിനായി സര്‍ക്കാര്‍ മുടക്കേണ്ട തുക.

 പാക്കേജിന്‍റെ 5 ശതമാനം തുകയ്ക്കുളള പദ്ധതികള്‍ കഴിഞ്ഞ ബജറ്റിന്‍റെ ഭാഗമായിരുന്നു. പല പദ്ധതികള്‍ക്കുളള നീക്കിയിരിപ്പും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചിലവഴിച്ചാല്‍ മതി. മാര്‍ച്ച് 26ന് പ്രഖ്യാപിച്ച  1.7 ലക്ഷം കോടിയുടെ പാക്കേജില്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം, അകൗണ്ടുകള്‍ വഴി സാമ്പത്തിക സഹായം, ഗ്യാസ് സിലിണ്ടര്‍ എന്നിവയ്ക്കു ചെലവാകുന്ന 92,000 കോടി മാത്രമാണ് സര്‍ക്കാരിന്‍റെ ബാധ്യത.  മേയ് 13 ന് 5,94,550 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഭൂരിഭാഗവും വായ്പാ പദ്ധതികളും  പണലഭ്യത ഉറപ്പാക്കുന്നതുമാണ്.  സര്‍ക്കാരിന്‍റെ നേരിട്ടുളള ചിലവ് 35,000 കോടി മാത്രം. മേയ് 14 ന് പ്രഖ്യാപിച്ചത് 3.1 ലക്ഷം കോടിയുടെ പാക്കേജാണ്.ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കാനുളള 3500 കോടി, മുദ്ര വായ്പയുടെ പലിശ ഇളവിനായി 1,500 കോടി, ഇടത്തരം വരുമാനക്കാര്‍ക്കായുളള 5000 കോടിയുടെ വായ്പാ സബ്സിഡി എന്നിവയാണ് ഇതില്‍ വരുന്നത്. ആകെ ചിലവ് 10,000 കോടി മാത്രം . മേയ് 15 ന് പ്രഖ്യാപിച്ച 1.5 ലക്ഷം കോടിയുടെ പാക്കേജില്‍ 35,000 കോടിയാണ് സര്‍ക്കാര്‍ ചിലവ്. മേയ് 16ന് പ്രഖ്യാപിച്ച 63,000 കോടിയുടെ പാക്കേജില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായുളള വയബിലിറ്റി ഗ്യാപ് ഫണ്ടിങിനായുളള 8,100 കോടി മാത്രമാണ് സര്‍ക്കാരിന്‍റെ ചെലവ്. ഇന്നലെ പ്രഖ്യാപിച്ച വിവിധ പദ്ധതികളില്‍ തൊഴിലുറപ്പ് പദ്ധതിക്കായുളള 40,000 കോടി സര്‍ക്കാരിന് ചെലവാകും. മാര്‍ച്ച് 22 മുതല്‍ ഇത് വരെ നികുതി ഇളവായി നല്‍കിയ 7,800 കോടിയും ഖജനാവിന്‍റെ ബാധ്യതയാണ്. ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് എന്ന രീതിയില്‍ കേന്ദ്രം അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന്‍റെ ചെലവിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ജിഡിപിയുടെ 1.2 ശതമാനം മാത്രമാണ് പാക്കേജിനായി ചെലവഴിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...