ഗുജറാത്തിൽ ഐസലേഷനിലുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ; അന്വേഷണം

covid-lockdown-gujarat
SHARE

ഗുജറാത്തിൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ കണ്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. മേയ് 10നാണ് ഗുണവന്ത് മക്വാനയെ ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്കുശേഷം ബസ് സ്റ്റോപ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ച് മൂന്നു ദിവസങ്ങൾക്കുശേഷമാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം മകൻ കിർത്തി അറിയുന്നത്.

മേയ് 15ന് പിതാവിന്റെ മൃതദേഹം എസ്‌വിപി ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം മുറിയിൽനിന്ന് ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഡനിലിംഡ പൊലീസ് സ്റ്റേഷനിൽനിന്ന് ഫോൺകോൾ വരികയായിരുന്നു. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽനിന്ന് ആറു കിലോമീറ്റർ അകലെയാണ് എസ്‌വിപി ആശുപത്രി. അതേസമയം, മക്‌വാനയ്ക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും വീട്ടിൽ ഐസലേഷനിൽ കഴിഞ്ഞാൽ മതിയെന്ന നിർദേശത്തിൽ പോയെന്നുമാണ് പൊലീസ് പറയുന്നത്. മറ്റ് അഞ്ച് രോഗികൾക്കൊപ്പം ബസിലാണ് മക്‌വാനയെയും വീട്ടിലേക്കു വിട്ടത്. എന്നാൽ താൻ നടന്നു വീട്ടിലേക്കു പൊയ്ക്കൊള്ളാമെന്ന് മക്‌വാന ബസ് ഡ്രൈവറെ അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

‘പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ രോഗലക്ഷണങ്ങളെ മക്‌വാനയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മേയ് 14ന് ഡിസ്ചാർജ് ചെയ്തു. ആശുപത്രി ഒരുക്കിയ ബസിലാണ് രോഗിയെ വീട്ടിലേക്കു വിട്ടത്. വീടിനടുത്തെത്തിയപ്പോൾ റോഡിൽ തടസ്സം നേരിട്ടു. ഇതേത്തുടർന്ന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇയാളെ ഇറക്കുകയായിരുന്നു.’ – അഹമ്മദാബാദ് സിവിൽ ആശുപത്രി ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എം.എം.പ്രഭാകർ അറിയിച്ചു. ഡിസ്ചാർജിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

MORE IN INDIA
SHOW MORE
Loading...
Loading...