അതിർത്തി കടന്ന് ചൈനീസ് മേജർ; മൂക്കിടിച്ച് പരത്തി ഇന്ത്യൻ സൈനികൻ

പ്രതീകാത്മക ചിത്രം

അധികം മാധ്യമശ്രദ്ധ കിട്ടാതെ പോയ ഒരു വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുകയാണ്. സിക്കിമിലെ ഇൻഡോ-സിനോ അതിർത്തിഗ്രാമമായ മുഗുതാങ്ങിൽ വച്ചാണ് ഇന്ത്യൻ ജവാന്റെ കരുത്ത് ഒരു ചൈനീസ് മേജർ മനസിലാക്കിയത്. 

സംഭവം ഇങ്ങനെ. ചൈനീസ് മേജറും സംഘവും പട്രോളിങ്ങിന് ഇറങ്ങിയതാണ്. ഇന്ത്യൻ അതിർത്തി കടന്നെത്തിയ സംഘം ഇന്ത്യൻ സൈന്യത്തെ തടഞ്ഞുനിർത്തി.‘ഇത് നിങ്ങളുടെ മണ്ണല്ല, ഇത് ഇന്ത്യൻ അതിർത്തിയുമല്ല.. അതു െകാണ്ട് മടങ്ങിപൊയ്ക്കോ..’ ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറിയ ചൈനീസ് മേജറും സംഘവും ഇന്ത്യൻ സൈന്യത്തോട് പറഞ്ഞ വാക്കുകളിങ്ങനെ. പറഞ്ഞു തീർന്നതും മേജറിന്റെ മൂക്കിനിട്ട് ഇന്ത്യൻ സൈന്യത്തിലെ യുവ ലെഫ്റ്റനന്റ് ഒരു ഇടികൊടുത്തു. മൂക്കിന്റെ പാലം തകർക്കുന്ന തരത്തിലുള്ള ഒരു പഞ്ച്. അപ്രതീക്ഷിതമായ ആ ഇടിയിൽ ചൈനീസ് മേജർ നിലത്തുവീണു.

വലിയ പ്രശ്നങ്ങളിലേക്ക് പോകാതെ ഉടൻ തന്നെ ഇരുപക്ഷത്തെയും സൈനികരെത്തി വിഷയം വഷളാകാതെ സൂക്ഷിച്ചു. തൽക്കാലത്തേക്ക്  ഈ യുവ ഓഫീസറെ അതിർത്തിയിൽ നിന്നും മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന് മനസ് കൊണ്ട് അഭിമാനിക്കാമെങ്കിലും  ചൈനയെ പ്രകോപിക്കുന്ന തരത്തിൽ ആഘോഷത്തിലേക്ക് സൈന്യം നീങ്ങിയില്ല. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. തത്ക്കാലം ഇന്ത്യൻ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിൻവലിക്കാനും മറ്റൊരു ഫോർവേർഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.