ഇന്ത്യ വീഴ്ത്തിയത് ‘വില്യംസൺ’ എന്ന ടെക് ഭീകരനെ; റിയാസിനെ കുടുക്കിയത് ഫോൺ

naikoo-wb
SHARE

തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ട ഹിസ്ബുള്‍ കമാണ്ടർ റിയാസ് നായികുവിനെ വധിച്ചത് പ്രധാന നേട്ടങ്ങളിലൊന്നായാണ് ഇന്ത്യ പരിഗണിക്കുന്നത്. സൈന്യത്തിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് നായികൂ വീഴുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആരുടെയും കണ്ണില്‍ പെടാതെ ജീവിച്ച നായികുവിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടത് അയാളുടെ ചെറിയ ശ്രദ്ധക്കുറവു മുതാലാക്കിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വില്യംസണ്‍ എന്ന പേരില്‍ മറഞ്ഞിരുന്ന ഇയാളുടെ വധം നടപ്പാക്കാന്‍ സാധിച്ചതിലേക്കു നടത്തിയ നീക്കങ്ങള്‍ തുടങ്ങിയത് എങ്ങനെയെന്നു പരിശോധിക്കാം:

പിടിവീഴാന്‍ എളുപ്പമാണെന്നു മനസ്സിലാക്കിയിരുന്നതിനാല്‍, കശ്മീരിലെ മറ്റു ഭീകരപ്രവര്‍ത്തകരെപ്പോലെ തന്നെ നായ്കൂവും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. ഈ കാരണത്താല്‍ തന്നെ ഇയാള്‍ എവിടെയാണുള്ളത് എന്ന വിവരം പൊലീസിനും അറിയില്ലായിരുന്നു. കേന്ദ്രം കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനു പിന്നാലെ ഈ മേഖലയിലെ ഇന്റര്‍നെറ്റും കട്ടു ചെയ്തു. അഞ്ചുമാസം നീണ്ടുനിന്ന ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചപ്പോഴും ഡേറ്റാ സേവനം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചില്ല. ഇവിടെ 2ജി മാത്രമാണ് അനുവദിച്ചത്. ഇത് നായികൂവിനെ പോലെയുള്ളവര്‍ക്ക് വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് സംവദിക്കാന്‍ സാധിക്കാതെ ഇത്തരക്കാര്‍ വിഷമിച്ചു.

തുടര്‍ന്ന് ഇത്തരം തീവ്രവാദികള്‍ നിരന്തരം വിപിഎന്‍ ഉപയോഗിച്ച് തിരിച്ചറിയപ്പെടാതെ കാര്യങ്ങള്‍ നീക്കി. വാട്‌സാപ് പോലെയുള്ള സാധാരണ പ്ലാറ്റ്‌ഫോമുകളെ പോലും ആശ്രയിക്കാതെ അതി സുരക്ഷയുള്ള ബാറ്റ് മെസഞ്ചര്‍ (Bat Messenger) പോലെയുള്ള മെസേജിങ് സംവിധാനത്തെയാണ് നായികു ആശ്രയിച്ചത്. ബാറ്റ് മെസഞ്ചറില്‍ ഇയാള്‍ സ്വീകരിച്ച പേരാണ് വില്യംസണ്‍. ബാറ്റ് മെസഞ്ചര്‍ എന്ന ഇന്‍സ്റ്റന്റ് മെസഞ്ചറില്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കും ഇടയില്‍ ഒരു ചോര്‍ച്ചയും ഇല്ലാതെ പ്രവര്‍ത്തിച്ചു. ഡേറ്റാ ചോര്‍ത്തലുകാരെയും, ഒളിഞ്ഞുനോട്ടക്കാരെയും അകറ്റി നിർത്താന്‍ ഈ ആപ്പിനായി.

വില്യംസണ്‍ എന്ന പേര് ബാറ്റ് മെസഞ്ചറില്‍ മാത്രമല്ല ഇയാള്‍ ഉപയോഗിച്ചുവന്നതെന്ന് പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മറ്റു കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകളിലും ഇയാള്‍ വില്യംസണ്‍ ആയിരുന്നു. ഇക്കാലത്താണ് ഇയാള്‍ ഗുരുതരമായ ആ പിഴവു വരുത്തിയത്. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. വധത്തിന് ഏതാനും ദിവസം മുൻപ് മുതല്‍ പൊലീസ് ഈ നമ്പറില്‍ ശ്രദ്ധവയ്ക്കുകയായിരുന്നു. ഇത് നായിക്കുവിന്റെതാണെന്നായിരുന്നു പൊലീസിന്റെ അനുമാനം.

ഇത്തരക്കാര്‍ സ്ഥിരമായി ഫോണ്‍ ഉപയോഗിക്കുക എന്നത് അത്ര സംഭവ്യമായ കാര്യമല്ല എന്നാണ് ഇതേക്കുറിച്ചു പ്രതികരിച്ച ഒരു വ്യക്തി പറഞ്ഞത്. നായികു ആ തെറ്റു വരുത്തി. നമ്പര്‍ പൊലീസിന്റെ റഡാറില്‍ കുരുങ്ങി. തങ്ങള്‍ക്കു ലഭിച്ച സാങ്കേതികവിദ്യാപരമായ അറിവുകള്‍ ചേര്‍ത്ത് ഒരു നീക്കം നടത്തിനോക്കാന്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പെട്ടെന്നു തീരുമാനമെടുത്തു. ഇയാള്‍ ഉണ്ടെന്നു കരുതിയ പ്രദേശം വളഞ്ഞ് കാവല്‍ സൈനികര്‍ വ്യൂഹം ചമച്ചു. കുതിച്ചു കയറിയ സേനാംഗങ്ങള്‍ ഒരു മിനിറ്റു മാത്രമെ ഇയാളെ കണ്ടെത്താന്‍ എടുത്തുള്ളു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച വൈകീട്ടു തുടങ്ങിയ ചടുല നീക്കം ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ നായികുവിന്റെ വധത്തോടെ അവസാനിച്ചു. നായികുവിന്റെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍, എല്ലാം ഒരു മൊബൈല്‍ ഫോണ്‍ വരുത്തിയ വിന എന്നു പറയാം. അത്തരം ചെറിയൊരു അവസരം പോലും കണ്ടെത്തി മുതലാക്കാനുള്ള ഇന്ത്യന്‍ സുരക്ഷാ ഭടന്മാരുടെ കഴിവില്‍ രാജ്യം അഭിമാനംകൊള്ളുകയും ചെയ്യുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...