സേനാംഗങ്ങളെ പിന്നിൽ നിർത്തി ഭീകരരെ നേരിടാൻ മുന്നിട്ടിറങ്ങി; അശുതോഷിന്റെ ധീരത

13 തന്റെ ഭാഗ്യനമ്പരാണെന്ന് കേണൽ അശുതോഷ് ശർമ പറയുമായിരുന്നു. കശ്മീരിൽ ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതി വീരമൃത്യു വരിച്ച കേണൽ അശുതോഷിനു കരസേനയിൽ ചേരാൻ അവസരം ലഭിച്ചത് പതിമൂന്നാം ശ്രമത്തിലാണ് – ആറര വർഷത്തെ കാത്തിരിപ്പിനൊടുവിൽ. 

കരസേനാംഗമാകുക എന്നതായിരുന്നു അശുതോഷിന്റെ ഏറ്റവും വലിയ സ്വപ്നമെന്നു മൂത്ത സഹോദരൻ പീയുഷ് നിറകണ്ണുകളോടെ പറയുന്നു. 2000ന്റെ തുടക്കത്തിൽ സേനയിൽ പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിനിടയിലും ഒരു സങ്കടം അശുതോഷിനു ബാക്കിയുണ്ടായിരുന്നു – കൂടുതൽ അപകടമേറിയ ദൗത്യങ്ങളിലേർപ്പെടുന്ന പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആകാൻ കഴിഞ്ഞില്ലെന്ന ദുഃഖം.

കഴിഞ്ഞ മേയ് ദിനത്തിലാണ് പീയുഷ് അവസാനമായി അശുതോഷിനോടു സംസാരിച്ചത്. കശ്മീരിലെ അപകടകരമായ സ്ഥിതിയെക്കുറിച്ചു സൂചിപ്പിച്ചപ്പോഴെല്ലാം പീയുഷിനു നൽകാൻ അശുതോഷിനു സ്ഥിരം മറുപടിയുണ്ടായിരുന്നു – ‘എനിക്കൊന്നും സംഭവിക്കില്ല’. 

അശുതോഷിന്റെ മരണവാർത്തയെത്തുമ്പോൾ ആറാം ക്ലാസുകാരിയായ മകൾ തമന്നയ്ക്കൊപ്പമായിരുന്നു ഭാര്യ പല്ലവി. ജയ്പുരിലെ വീട്ടിൽ മകളെ ചേർത്തുപിടിച്ച്, കാത്തുനിന്ന മാധ്യമപ്രവർത്തകരോട് അവർ ഇങ്ങനെ പറഞ്ഞു: ‘വീട്ടിലെ കാര്യങ്ങൾ നീ നോക്കുക, എനിക്കു സേനാംഗങ്ങളുടെ സുരക്ഷ നോക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറയുമായിരുന്നു. സേനാംഗങ്ങളുടെ സുരക്ഷ അശുതോഷിനു പ്രധാനമായിരുന്നു. അതുകൊണ്ടാണ്, അവരെ പിന്നിൽ നിർത്തി ഭീകരരെ നേരിടാൻ മുന്നിട്ടിറങ്ങിയത്’.

ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ ആശുതോഷ് ശര്‍മ ഉള്‍പ്പെടേ അഞ്ച് സേനാംഗങ്ങൾക്ക് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ലഷ്കര്‍ കമാന്‍ഡര്‍ ഹൈദറിനെ വധിച്ചെന്ന് സുരക്ഷാസേന. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ത്യാഗം എന്നും  ഓർമ്മയിലുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 

ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുപ് വാര ജില്ലയിലെ ഹന്ദ് വാരയിൽ ഇന്നലെ  വൈകിട്ടോടെയാണ് സേനാംഗങ്ങളും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു വീട്ടില്‍ ഭീകരര്‍ അതിക്രമിച്ച് കയറി വീട്ടുകാരെ ബന്ദിയാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും കശ്മീർ  പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. വീട്ടിനകത്ത് കടന്ന സേനാംഗങ്ങൾക്ക് ഭീകരരില്‍ നിന്നും വന്‍ ആക്രമണം നേരിടേണ്ടിവന്നു.  ഇതോടെ സേനാംഗങ്ങളുമായുള്ള ആശയവിനിമയം നഷ്ടമായി. തുടർന്ന് കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു. ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരെ കൊലപ്പെടുത്തി. ബന്ദികളാക്കിയ വീട്ടുകാരെ രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു.

കേണല്‍ ആശുതോഷ് ശര്‍മ, മേജർ അനുജ് സൂദ്, നായക് രാജേഷ്, ലാൻസ് നായക് ദിനേഷ്,  കശ്മീർ പൊലീസ് എസ് ഐ ഷക്കീൽ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ചത്. കേണല്‍ ആശുതോഷ് ശര്‍മ 21 രാഷ്ട്രീയ റൈഫിളിലെ കമാന്‍ഡിങ് ഓഫീസറാണ്. കശ്മീരില്‍ നിരവധി ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം രണ്ട് തവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുണ്ട്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത ഖേദകരമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.