രോഗികള്‍ കൂടുന്നതെന്തുകൊണ്ട്? ആ സാഹചര്യത്തില്‍ നീളുമോ ലോക്ഡൗണ്‍..?

PTI19-04-2020_000125B
SHARE

ലോക്ക്ഡൗണ്‍ അവസാനിക്കാറാകുന്നു, അല്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന പ്രതീക്ഷകള്‍ തലപൊക്കി തുടങ്ങിയപ്പോളാണ് ആശങ്ക വീണ്ടുമുയര്‍ത്തി കേരളത്തിലടക്കം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കാനാരംഭിച്ചത്. ലോക്ക്ഡൗണ്‍ എന്നുവരെ നീളും എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. 

ഇതേക്കുറിച്ച് ഡോ. മനോജ് വെള്ളനാട്‌ പറയുന്നത്:

'മെയ് മൂന്നിന് നമ്മുടെ ലോക്ഡൗൺ തീരുമോ? സാധ്യത തീരെ കുറവാണ്. കാരണം ഇന്ത്യയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കേസുകൾ തീരെ കുറവല്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. കൃത്യമായി രോഗികളെ റിപ്പോർട്ട് ചെയ്യാതെയും ടെസ്റ്റുകൾ ചെയ്യാതെയും കണ്ണടച്ച് ഇരുട്ടാക്കുന്ന സംസ്ഥാനങ്ങളും ഉണ്ട്.ലോക്ഡൗൺ 31 ദിവസം കഴിയുമ്പോഴും ഇന്ത്യയിൽ പുതിയ രോഗികളുടെ എണ്ണം കുറയാത്തതെന്തുകൊണ്ടാണെന്ന സംശയം പലർക്കും ഉണ്ടാവും. അതിന് കൃത്യമായ ഉത്തരം നൽകാൻ പ്രയാസമാണ്. പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടാവാം.

ഒന്ന്, ലോക്ക് ഡൗൺ കൃത്യമായി പാലിക്കപ്പെടുന്നില്ല അല്ലെങ്കിൽ സാമൂഹിക അകലവും വ്യക്തിശുചിത്വവും പലയിടങ്ങളിലും കാര്യക്ഷമമാകുന്നില്ല. രണ്ട്, കൂടുതൽ ടെസ്റ്റുകൾ ചെയ്തു തുടങ്ങിയപ്പോൾ കൂടുതൽ രോഗികൾ കണ്ടെത്തുന്നത് ആവാം. മുമ്പ് ചെയ്തിരുന്നതിനേക്കാൾ വളരെയധികം ടെസ്റ്റുകൾ ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 35,000-ലധികം ടെസ്റ്റുകൾ ചെയ്തതായി ഐസിഎംആർ പറയുന്നുണ്ട്. ഇതുവരെ ആകെ 5.5 ലക്ഷത്തോളം ടെസ്റ്റുകൾ. ചിലപ്പോൾ ഈ രണ്ടു കാരണങ്ങളും ഉണ്ടാവാം.

ഇപ്പോൾ, ഇന്ത്യയിലാകെ 10 ലക്ഷത്തിനടുത്ത് ആൾക്കാർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ഒരു ശതമാനം പേർ പോസിറ്റീവ് ആയാൽ പോലും 10000 പുതിയ രോഗികൾ ഉണ്ടാവും. ഈ ഒരു ശതമാനം എന്നത് ഏറ്റവും കുറഞ്ഞ കണക്കാണ്. കാരണം ഡൽഹിയിലും മഹാരാഷ്ട്രയിലും ടെസ്റ്റ് ചെയ്യുന്നവരിൽ 7% പേരും പോസിറ്റീവ് ആണ്. ഏറ്റവും കുറവുള്ള കർണാടകത്തിൽ 1.3% വും കേരളത്തിൽ അത് 2% വും ആണ്. തമിഴ്നാട്ടിൽ 2.5% വും.പക്ഷേ രോഗം, ഇങ്ങനെ നിരീക്ഷണത്തിൽ ഉള്ളവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്ന് പറയാനാവില്ല. ശ്വാസകോശ രോഗവുമായി വരുന്ന എല്ലാ രോഗികളെയും ടെസ്റ്റ് ചെയ്യുമ്പോൾ അതിലും വലിയൊരു ശതമാനം ആൾക്കാരിൽ റിസൾട്ട് പോസിറ്റീവായി വരുന്നുണ്ട്. കേരളത്തിൽ ഇന്നലെ മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് അതിനുദാഹരണമാണ്.

ഇത്രയുമാകുമ്പോൾ ലോക്ഡൗൺ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ, കേസുകളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ലല്ലോ എന്ന് പലർക്കും തോന്നാം. ഉത്തരം ഗുണമുണ്ടെന്ന് തന്നെയാണ്. ഇല്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണത്തിൽ നമ്മളിപ്പോൾ യൂറോപ്പിനെ കടത്തിവെട്ടിയേനെ. നമ്മുടെ ആരോഗ്യമേഖലയുടെ ദുർബലത കൂടി കണക്കിലെടുക്കുമ്പോൾ മരണം അതിലും കവിഞ്ഞേനെ.മറ്റൊന്ന് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂട്ടിക്കൊണ്ടുവരാൻ ഈ ലോക്ഡൗണിന് കഴിഞ്ഞു എന്നതാണ്. ഏപ്രിൽ 6-ലെ കണക്ക് പ്രകാരം ഇത് 4.2 ദിവസമായിരുന്നു. ഏപ്രിൽ 20 ആയപ്പോളത് 8.6 ദിവസമാണ്.

അതുകൊണ്ട് ലോക്ഡൗൺ ഇനിയും നീട്ടണമെന്നാണോ? ശരിയായ രീതി അതാണോ? സത്യം പറഞ്ഞാൽ അല്ല. ലോക്ഡൗൺ യഥാർഥ രോഗപ്രതിരോധമാർഗമല്ല. രോഗവ്യാപനവും പ്രതിരോധവും എല്ലാം ഊർജിതമാക്കാൻ കുറച്ചു 'സമയം' കടംവാങ്ങൽ മാത്രമാണ് ലോക്ഡൗൺ. ലോക്ഡൗൺ തുടർന്നാൽ സാമ്പത്തികമായും സാമൂഹികമായും നമ്മൾ ഇനിയും തളരും. പക്ഷേ എന്താണ് ഇനി? ലോക്ഡൗൺ അല്ലാതെ ഏറ്റവും പ്രായോഗികമായ രീതി എന്തെന്ന് ചോദിച്ചാൽ ഇപ്പോള്‍ ഉത്തരമില്ല, പ്രത്യേകിച്ചും ഇന്ത്യയിലെ സാഹചര്യത്തിൽ. ഈ രീതിതുടർന്നാൽ തന്നെ, മെയ് പകുതിയോടെ ഇന്ത്യയിൽ ഒരു ലക്ഷത്തോളം രോഗികൾ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനുമുൻപ് ലോക്ഡൗൺ മാറ്റിയാൽ സ്ഥിതി അതീവ ഗുരുതരമാകും.

സ്വീഡനിലൊക്കെ ലോക്ഡൗൺ ഒന്നുമില്ല, ചില നിയന്ത്രണങ്ങൾ മാത്രമേ ഉള്ളൂ, എന്ന് ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു. ആ രീതിയിവിടെ പ്രായോഗിച്ചു കൂടേ എന്നും. സ്വീഡനിൽ അങ്ങനെ ചെയ്യുന്നുണ്ടാവാം, ഉറപ്പില്ല. ആകെ ഒരു കോടി ജനസംഖ്യയും ജനസാന്ദ്രത വെറും 25-ഉം ഉള്ള രാജ്യമാണ് സ്വീഡൻ. അത്യാവശ്യം സാമൂഹിക ബോധമുള്ള ജനതയുമാണവിടെയുള്ളത്. ആ സ്വീഡനിൽ ഇപ്പൊ മരണം 2000-ന് മുകളിലാണ്. 130 കോടി ജനസംഖ്യയും, ജനസാന്ദ്രത 460-ഉം പൗരബോധം പൊടിക്ക് പോലും ഇല്ലാത്ത ആൾക്കൂട്ടവുമുള്ള ഇന്ത്യയിൽ അത് എത്രത്തോളം പ്രാവർത്തികമാകുമെന്നും അതെന്തൊരു ദുരന്തം ആയിരിക്കുമെന്നും ചിന്തിക്കാൻ തന്നെ പ്രയാസമാണ്.

ഏതൊരു സമ്പത്തിനെക്കാളും വലുത് ആരോഗ്യവും ജീവനും തന്നെയാണെന്ന ബോധത്തോടുകൂടി മുന്നോട്ടുപോകാനേ നിലവിൽ കഴിയൂ എന്നാണ് തോന്നുന്നത്. കോവിഡ് വളരെ വ്യാപകമായി പടർന്നാൽ നമ്മൾ ലോക്ഡൗൺ കാരണം ഉണ്ടാക്കുന്നതിനേക്കാൾ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നും ഓർക്കണം. അതിന്റെ എൻഡ് റിസൾട്ട് ചിലപ്പോൾ, ഇവിടെ ശേഷിക്കുന്നവർ കയ്യിൽ വിലകൂടിയ സ്മാർട്ട് ഫോണുമൊക്കെയായി ഒരു 30 വർഷം പിറകിലേക്ക് ടൈം ട്രാവൽ നടത്തിയ അവസ്ഥ പോലെ ആയിരിക്കും.

അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇതിലും വലിയ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് മനുഷ്യരാശി ഇവിടെ വരെ എത്തിയത്. അതും ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടില്ലാത്ത നാളുകളിൽ പോലും. ഇപ്പോൾ കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും രോഗവ്യാപനത്തെ പിടിച്ചു കെട്ടിയാൽ, നമുക്ക് വീണ്ടും വളരെ എളുപ്പത്തിൽ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. അതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ്''.

MORE IN INDIA
SHOW MORE
Loading...
Loading...