നാഗ്പൂരിൽ നിന്ന് കാൽനടയായി തമിഴ്നാട്ടിലേക്ക്; വീടണയും മുമ്പ് മരണം; ദാരുണം

lockdown-death
SHARE

നാഗ്പൂരിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി കാൽനടയായി തമിഴ്നാട്ടിലേക്ക് തിരിച്ച് യുവാവിന് വഴിമധ്യേ ദാരുണാന്ത്യം. അഞ്ഞൂറുകിലോമീറ്റര്‍ നടക്കുക എന്നത് ഇരുപത്തിമൂന്നുകാരനായ ലോഗേഷ് ബാലസുബ്രഹ്‌മണിക്ക് അസാധ്യമായിരുന്നു. ബുധനാഴ്ച രാത്രി സെക്കന്തരാബാദിലെ വിശ്രമകേന്ദ്രത്തില്‍ തങ്ങുന്നതിനിടെ ലോഗേഷ് മരിച്ചു. രാജ്യവ്യാപകമായി ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് ഉത്തരേന്ത്യയിൽ നിന്നും മറ്റും കാൽനടയായി സ്വദേശത്തേക്ക് തിരിച്ചത്. 

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലോകേഷുള്‍പ്പെടെയുള്ള 26 തൊഴിലാളികള്‍ സംഘമായാണ് നാഗ്പുരില്‍ നിന്ന് യാത്ര തിരിച്ചത്. എങ്ങനെയയെങ്കിലും സ്വന്തം വീടുകളില്‍ എത്തിച്ചേരുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. വഴിയില്‍ ചിലര്‍ ഭക്ഷണം നല്‍കി, ചരക്കിറക്കി വരുന്ന ചില ലോറിക്കാര്‍ ലിഫ്റ്റ് നല്‍കിയതായും സംഘത്തിലുളള സത്യ പറഞ്ഞു. ലിഫ്റ്റ് നല്‍കിയ വണ്ടിക്കാരെ പോലീസ് തല്ലിയെന്നും സത്യ കൂട്ടിച്ചേര്‍ത്തു. 

ബോവന്‍പള്ളിയിലെത്തിയ ലോഗേഷിനേയും സംഘത്തേയും പ്രാദേശികഭരണാധികാരിയാണ് വെസ്റ്റ് മരേട്പള്ളിയിലെ വിശ്രമകേന്ദ്രത്തിലെത്തിച്ചത്. നാല് ദിവസമായി അവിടെ തങ്ങുന്ന 176 പേര്‍ അവിടെയുണ്ടായിരുന്നു. വീടുകളിലേക്ക് മടങ്ങാന്‍ വാഹനം ഒരുക്കിക്കൊടുക്കാമെന്ന് അധികൃതര്‍ പറയുകയും ചെയ്തതായി സത്യ ഓര്‍മിച്ചു.

വിശ്രമിക്കാനൊരുങ്ങുന്നതിനിടെയാണ് ഇരുന്നയിടത്ത് നിന്ന് പെട്ടെന്ന് ലോഗേഷ് പുറകിലേക്ക് മറിഞ്ഞു വീണതായും സര്‍ക്കാര്‍ ഡോക്ടറെത്തി പരിശോധിച്ച്‌ ലോകേഷ് മരിച്ചതായി അറിയിച്ചെന്നും സത്യ പറഞ്ഞു. 

ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടിയാല്‍ മതി. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനാണ് ഞങ്ങളോട് എങ്ങോട്ടും പോകരുതെന്ന് പറയുന്നത്. പക്ഷെ ഞങ്ങളീ അവസ്ഥയില്‍ കൂട്ടം കൂടി താമസിച്ചാല്‍ ഞങ്ങള്‍ക്ക് വൈറസ് പകരില്ലേ? ഞങ്ങളെ വീട്ടിലെത്തിക്കുന്നതല്ലേ നല്ലത്? സത്യ ചോദിക്കുന്നു. നാട്ടിലെത്തിക്കാന്‍ വാഹനം ലഭിക്കാത്തതിനാല്‍ ലോഗേഷിന്റെ മൃതദേഹം ഹൈദരാബാദില്‍ തന്നെ സംസ്‌കരിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...