യുപിയില്‍ തൊഴിലാളികളെ കൂട്ടമായി അണുനാശിനി പ്രയോഗിച്ചു; കൊടുംക്രൂരത: വിവാദം

up
SHARE

ഉത്ത‍ര്‍പ്രദേശിലെ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ കൂട്ടത്തോടെ അണുനാശിനി പ്രയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് നിരവിധിപേര്‍ ചികില്‍സ തേടി. അണുനാശിനി പ്രയോഗിച്ചത് തെറ്റായ നടപടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. 

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയും നടുറോഡില്‍ ഇരുത്തി അണുനാശിനി തളിക്കുന്ന ദൃശ്യങ്ങളാണിത്. കണ്ണുകള്‍ അടയ്‍ക്കാനും കുട്ടികളുടെ കണ്ണുകള്‍ പൊത്തിപ്പിടിക്കാനും ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നത് കേള്‍ക്കാം. അണുനാശിനിപ്രയോഗത്തില്‍ ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ട നിരവധിപേര്‍ വൈദ്യസഹായം തേടി. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതിന് പിന്നാലെ നടപടിയെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കുടിയേറ്റ തൊഴിലാളികള്‍ എത്തിയ ബസുകള്‍ അണുമുക്തമാക്കണമെന്ന് മാത്രമാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ ഡല്‍ഹി യു.പി അതിര്‍ത്തി അടച്ച് കേന്ദ്രസേന ഏറ്റെടുത്തു. നാട്ടിലേക്ക് മടങ്ങാന്‍ ഡല്‍ഹി ആനന്ദ് വിഹാറില്‍ ബസ് കാത്തുനിന്നവരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേസ് നാളത്തേക്ക് മാറ്റി.

MORE IN INDIA
SHOW MORE
Loading...
Loading...