ഇന്ത്യയില്‍ കോടികള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ട് വ്യാജം: സര്‍വകലാശാല

corona-india
SHARE

ഇന്ത്യയില്‍ 12.5 മുതല്‍ 24 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് 19 ബാധിച്ചേക്കാം എന്ന പഠന റിപ്പോര്‍ട്ട് വ്യാജം. അമേരിക്കയിലെ പ്രശസ്തമായ ‍ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും സെന്‍റര്‍ ഫോര്‍ ഡിസീസസ് ഡെയ്നാമികസ് & ഇകണോമിക് പോളിസി(സിഡിഡിഇപി)യും ചേര്‍ന്ന് നടത്തിയ പഠനം എന്ന പേരിലാണ് ഈ റിപ്പോര്‍ട്ട്  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു പഠനവുമായി ബന്ധമില്ലെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വിശദീകരിച്ചു. 

‘കോവിഡ് 19 ഫോര്‍ ഇന്ത്യ അപ്ഡേറ്റ്സ്’ എന്ന തലക്കെട്ടോടെയാണ് വ്യാജ റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. സര്‍വകലാശലയുടെയും സിഡിഡിഇപിയുടെയും ലോഗോയും റിപ്പോര്‍ട്ടില്‍ പതിച്ചിട്ടുണ്ട്. ലോഗോ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്നും ജോണ്‍സ് ഹോപ്കിന്‍സ്  സര്‍വകശാല ഒൗദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെ വിശദീകരിച്ചു.  

ലോക്ഡൗണിലൂടെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ലെന്നും ഗുരുതര സാമ്പത്തിക പ്രത്യാഘാതമാണ് ലോക്ഡൗണ്‍ സൃഷ്ടിക്കുക എന്നും വ്യാജ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.  

ഇന്ത്യയില്‍ ഇതേവരെ കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 30 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് മരിച്ചത്. 1072 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 99 പേര്‍ക്ക് രോഗം ഭേദമായി. വ്യാപനത്തിന്‍റെ തോത് കുറയുന്നതായും സമൂഹവ്യാപനം ഇതുവരെ ഇല്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കോവിഡ് 19ന്‍റെ വ്യാപനം തടയാന്‍ രാജ്യം അടച്ചുപൂട്ടിയിട്ട് ഇന്ന് ആറാം ദിവസമാണ്.  ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24ന് 564 രോഗബാധിതരാണ് ഉണ്ടായിരുന്നത്. ഇന്നത് 1100ലേക്കെത്തുന്നു. ഓരോ അ‍ഞ്ച് ദിവസം കൂടുമ്പോഴും ഇരട്ടി വര്‍ധനയുണ്ടാകുന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

38442 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ആയിരത്തിലധികം പേര്‍ക്ക് രോഗമുള്ളതെന്നും പ്രദേശിക വ്യാപനത്തിന്‍റെ ഘട്ടത്തില്‍ നിന്നും സമൂഹവ്യാപനത്തിലേക്ക് രോഗം ഇതുവരെ എത്തിയിട്ടില്ലെന്നതിന്‍റെ തെളിവാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  

ഫലങ്ങള്‍ പെട്ടെന്ന് കിട്ടുന്നതിന് പരിശോധന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും രാജ്യത്ത് നിലവില്‍ 115 ലാബുകള്‍ പരിശോധനകള്‍ നടത്തുന്നതായും ഐ.സി.എം.ആര്‍ അറിയിച്ചു. അതിനിടെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിതരെ നോക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരുമാരെയും താമസിപ്പിക്കാന്‍ സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഏറ്റെടുത്തു.

MORE IN INDIA
SHOW MORE
Loading...
Loading...