ജമ്മു കശ്മീരിൽ ആദ്യ കോവിഡ് മരണം; രോഗബാധിതർ 649

national-web
SHARE

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ജമ്മു കശ്മീരില്‍ ആദ്യത്തെ കോവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഗുജ്റാത്ത് സംസ്ഥാനങ്ങളിലും ഓരോ രോഗികള്‍ മരിച്ചു. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 649 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 900പേരെ നിരീക്ഷണത്തിലാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് സതംഭിച്ച ഓണ്‍ലൈന്‍ വൃതരണ ശൃംഘലകള്‍ പുനഃസ്ഥാപിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. 

ശ്രീനഗറിലെ ഹൈദര്‍പോറില്‍ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ച 65കാരന്‍റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നാല് പേര്‍ക്കും കോവിഡ് ബാധയുണ്ട്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച മരിച്ച സ്ത്രീയുടെ പരിശോധനഫലവും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഗുജ്റാത്തിലെ ഭാവ്നഗറില്‍ എഴുപത് വയസ്സുകാരനും ഇന്ന് മരിച്ചു.  രാജ്യത്ത് ആകെ കോവിഡ് 19 ബാധിച്ച 649 പേരില്‍ 42 പേരുടെ രോഗം ഭേദമായി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് മൊഹല്ല ക്ലീനിക്ക് ഡോക്ടര്‍ക്കും ഭാര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ നിന്നും എത്തിയ സ്ത്രീയില്‍ നിന്നാണ് രോഗബാധയെന്നാണ് അനുമാനം. ഏപ്രില്‍ 12ന് സ്ത്രീ ക്ലിനിക്കില്‍ എത്തിയിരുന്നു. ഈ ദിവസം മുതല്‍ മുതല്‍ ഏപ്രില്‍ 18വരെ ക്ലിനിക്കിലെത്തിയ  900 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. സൗദിയില്‍ നിന്നെത്തിയ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് നടന്ന ഡല്‍ഹി കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമാണ് മൗജ്പൂര്‍. നിരവധിപേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ രോഗവ്യാപന സാധ്യത ഏറെയാണ്. കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തികുമെന്നും അദ്ദേഹം അറിയിച്ചു. ആമസോണ്‍,ഫ്ലിപ്കാര്‍ട്ട്,സൊമാറ്റോ,സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ വിതരണ കമ്പനികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന കമ്പനി പ്രതിനിധികളെ തടയരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. ലോക്ഡൗണിന്‍റെ ഭാഗമായി അടപ്പിക്കുന്നതിനിടെ പച്ചക്കറികടകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ കോണ്‍സ്റ്റബിളിനെ ഡല്‍ഹി പൊലീസ് സസ്പെന്‍ഡ് ചെയ്തു. രാജ്യത്തെ മറ്റിടങ്ങളിലും ലോക്ഡോണ്‍ സമ്പൂര്‍ണമാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...