ഇറാന്റെയും ഇറ്റലിയുടെയും സ്ഥിതി ഇവിടെ ഉണ്ടാകരുത്; 14 ദിവസം പുറത്തിറങ്ങരുത്; മുന്നറിയിപ്പ്

covid-india-3
SHARE

കോവിഡ് 19 ഇന്ത്യയിലും ഇപ്പോൾ വ്യാപിക്കുകയാണ്. രാജ്യം ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് കടക്കുകയാണെന്നാണ് പ്രധാന ബയോളജിസ്റ്റുകളിലൊരാളായ എ എം ദേശ്മുഖ് പറയുന്നത്. ജനതാ കർഫ്യൂ കുറഞ്ഞത് രണ്ടാഴ്ച്ച കൂടി നീട്ടിയാൽ മാത്രമേ ഈ വലിയ വിപത്തിന് പരിഹാരമാകൂ എന്നാണ് അദ്ദേഹം പറയുന്നത്. 

സാമൂഹ്യമായി അകലം പാലിക്കല്‍ പ്രധാനം

സാമൂഹ്യമായി അകലം പാലിക്കല്‍ (social distancing) ഗൗരവത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഏപ്രില്‍ അവസാനം എത്തുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞുകവിയും. സാഹചര്യം നിയന്ത്രണാതീതമായി തീരുമെന്നും തങ്ങള്‍ കരുതുന്നതായി ദേശ്മുഖ് പറയുന്നു. അകലം പാലിക്കാനുള്ള മുന്നറിയിപ്പ് അശേഷം വകവയ്ക്കാതെയുള്ള ജനങ്ങളുടെ പെരുമാറ്റത്തില്‍ മോശമാണെന്ന് അറിയിച്ച അദ്ദേഹം പറഞ്ഞത് സ്പര്‍ശത്തിലൂടെ കൂടുതല്‍ പേരിലേക്ക് രോഗം എത്താനുള്ള സാധ്യത ഏറുന്നുവെന്നും പറഞ്ഞു. പൊതു സ്ഥലത്ത് കൂട്ടംകൂടിയുള്ള കസര്‍ത്തുകള്‍ ഈ സമയത്ത് ശരിയല്ല. ഇക്കാര്യങ്ങള്‍ കാട്ടി എംഎസ്‌ഐ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. കൊറോണാവൈറസിന്റെ വ്യാപനം കുറയ്ക്കാന്‍, ജനതാ കര്‍ഫ്യൂ കുറഞ്ഞത് 14 ദിവസത്തേക്ക് ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

ജനങ്ങളുടെ പ്രതികരണം നിരാശാജനകം

പ്രധാനമന്ത്രി മോദിയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ശരത് പവാറും മഹാരാഷ്ട്രാ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ബാലാസാഹെബ് തൊറാട്ടും ജനതാ കര്‍ഫ്യുവിനു ശേഷം മുംബൈയിലെ ആളുകള്‍ പറ്റം പറ്റമായി നിരത്തുകളിലേക്ക് എത്തിയതില്‍ തങ്ങളുടെ വേദന അറിയിച്ചിരുന്നു. മഹാരാഷ്ട്ര സംസ്ഥാനം തന്നെ മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതൊന്നും പാടേ വകവയ്ക്കാതെയാണ് ജനങ്ങള്‍ നിരത്തിലേക്കെത്തി കൂട്ടം കൂടിയതെന്നതാണ് എല്ലാവര്‍ക്കും വിഷമമുണ്ടാക്കിയ സംഗതി.

ഒരാളില്‍ കോവിഡ്-19 ബാധിച്ചിട്ടുണ്ടെങ്കില്‍ അതു ടെസ്റ്റിലൂടെ പോലും കണ്ടെത്താല്‍ ചിലരുടെ കാര്യത്തിലെങ്കിലും 14 ദിവസം വരെ എടുത്തേക്കാം. രോഗബാധിതരാണെന്നറിഞ്ഞാല്‍ അവരെ ആശുപത്രികളിലാണ് പാര്‍പ്പിക്കുക. ചൈന, ഇറ്റലി, ജര്‍മ്മനി, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ രീതിയാണ് അനുവര്‍ത്തിച്ചുവരുന്നത്, ദേശ്മുഖ് പറയുന്നു. ഒരു 14 ദിവസത്തേക്ക് ജനതാ കര്‍ഫ്യൂ നടപ്പില്‍ വരുത്തിയാല്‍, ഇപ്പോള്‍ കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കൊറോണാവൈറസിന്റെ വ്യാപനം എതിര്‍ദിശയിലാക്കാമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ എല്ലാവരും കൊറോണാവൈറസ് ബാധിതരാകുമോ?

ആഗോളതലത്തില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 2 ശതമാനമാണല്ലോ എന്ന ചോദ്യത്തിന് ദേശ്മുഖിന് മറ്റൊരു കാര്യമായിരുന്നു ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച ഈ രോഗം ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍, അടുത്ത പാദത്തില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഈ രോഗം കിട്ടാമെന്നാണ് അദ്ദേഹം പറഞ്ഞത്. രോഗം കാട്ടുതീ പോലെ പടര്‍ന്നാല്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് അത് ദുരന്തം തന്നെയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കൊറോണാവൈറസിനെ പ്രതിരോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് വേനലിന്റെ ചൂടാകാം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ രോഗം വന്‍തോതില്‍ വ്യാപിക്കാതെ കവചം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ആരോഗ്യപരിപാലന മേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ പരിമിതികളുണ്ടെന്ന കാര്യം ദേശ്മുഖ് എടുത്തുകാട്ടുന്നു. ആശുപത്രി ബെഡുകളും, വെന്റിലേറ്ററുകളും, മെഡിക്കല്‍, പാരാ-മെഡിക്കല്‍ സ്റ്റാഫും ഒക്കെ കുറവാണ്. രാജ്യത്തെ ചെറിയൊരു വിഭാഗം ആളുകളെയാണ് രോഗം ബാധിക്കുക എങ്കില്‍ കൂടി അതൊരു വന്‍ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാകും

ദീര്‍ഘകാല കര്‍ഫ്യൂ ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാഴ്ത്തിയേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. ദിവസക്കൂലിക്കാര്‍, ഒറ്റയ്ക്കു താമസിക്കുന്നവര്‍, രോഗികള്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍, പ്രത്യേകിച്ചും അവര്‍ വന്‍ നഗരങ്ങളില്‍ വസിക്കുന്നവരാണെങ്കില്‍, വിഷമതകള്‍ നേരിടും എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാല്‍, ഇവര്‍ക്ക് സഹായത്തിനെത്തുക എന്നത് സമൂഹത്തിന്റെയും സർക്കാറിന്റെയും ഉത്തരവാദിത്വമാണ്. ഇത്തരക്കാര്‍ക്ക് വേണ്ട ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക തന്നെ വേണം. ഇത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയായതിനാല്‍, അശരണര്‍ക്ക് ആശ്വാസം നല്‍കുകതന്നെ വേണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

MORE IN INDIA
SHOW MORE
Loading...
Loading...