മഹാമാരിയുടെ ചങ്ങല പൊട്ടിക്കാൻ വീട്ടിലിരുന്ന് ജനങ്ങൾ; വിവിധ നഗരങ്ങൾ ഇങ്ങനെ

curf-22
SHARE

മഹാമാരിയുടെ ചങ്ങല പൊട്ടിക്കാൻ രാജ്യം സ്വയം നിയന്ത്രണത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരമാണ് രാജ്യം ജനതാ കർഫ്യൂ ഏറ്റെടുത്തത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച കർഫ്യൂ രാത്രി ഒൻപത് മണി വരെ നീളും.

എല്ലാത്തരം പൊതുഗതാഗതങ്ങളും നിർത്തിവച്ചാണ് രാജ്യം കർഫ്യൂ ആചരിക്കുന്നത്. 130 കോടിയോളം ജനങ്ങളാണ് കർഫ്യൂവിന്റെ ഭാഗമായി വീടുകളിൽ ഇരിക്കുന്നത്. സമൂഹ വ്യാപനം തടയാനുള്ള മികച്ച മാർഗമാണ് ജനങ്ങൾ വീടുകളിൽ തന്നെ കഴിയുന്നതെന്ന് ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെയാണ്  പ്രതിരോധന നടപടികൾ രാജ്യം ഊർജിതമാക്കിയത്. 130 കോടി ജനങ്ങൾ ഇന്ന് വീടുകളിലിരിക്കുന്നുവെന്നാണ് കണക്ക്. കേരളത്തിൽ റോഡുകൾ വിജനമാണ്. സർക്കാർ സംവിധാനങ്ങൾ പൂർണമായും ജനതാ കർഫ്യൂവിനോട് സഹകരിക്കുന്നുണ്ട്. 

അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും കർഫ്യൂ പൂർണമാണ്. ബീച്ചുകളും മാളുകളും മറ്റ് പൊതുസ്ഥലങ്ങളും നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തേ തന്നെ അടച്ചിരുന്നു. പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഹർത്താൽ പ്രതീതിയാണെന്ന് ദേശീയ വാർത്താ ഏജൻസികൾ പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം.

 അവശ്യ വിഭാഗങ്ങളൊഴികെ എല്ലാജനങ്ങളും വീട്ടിൽ തന്നെ കഴിയണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ സംസ്ഥാനങ്ങളും കർഫ്യൂവിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാത്രി ഒൻപതിന് ശേഷം മാത്രമേ കടകൾ തുറക്കുകയും വാഹനഗതാഗതം പഴയപടിയാവുകയുമുള്ളൂ. കെഎസ്ആർടിസിയും സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...