അഭിഭാഷകയല്ല, മകളായി നിന്നു; നിർഭയം വാദിച്ച പെൺപുലിക്ക് രാജ്യത്തിന്റെ സല്യൂട്ട്

seema-kushwaha-nirbhaya-case
SHARE

മാർച്ച് ലോക ഹാപ്പിനെസ് ദിനമാണ്. ആ ദിവസം തന്നെ ഏകമകളെ നഷ്ടപ്പെട്ട ഡൽഹിയിലെ ആ അമ്മ പോരാടി നേടിയ സന്തോഷം രാജ്യം കണ്ടതും യാദൃശ്ചികമാകാം. പോരാടിത്തളർന്നതിന്റെ ക്ഷീണമല്ല, വൈകിയെങ്കിലും നീതി നടപ്പിലായതിന്റെ സന്തോഷമായിരുന്നു ആ മുഖത്ത് നിറഞ്ഞതത്രയും. ഈ സന്തോഷത്തിൽ ആ അമ്മയുടെ കൈ പിടിച്ച് നിന്ന മറ്റൊരാൾ ഉണ്ടായിരുന്നു... അഡ്വക്കേറ്റ് സീമ കുശ്വാഹ.  കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരിക്കൽ പോലും പതറാതെ, മകൾ നഷ്ടപ്പെട്ട അമ്മക്ക് മറ്റൊരു മകളായി നിർഭയക്കു വേണ്ടി പോരാടിയ സീമക്കു വേണ്ടി കൂടിയാണ് രാജ്യത്തിന്റെ സല്യൂട്ട്. വിചാരണഘട്ടങ്ങളിൽ മുഴുവൻ നിര്‍ഭയയുടെ മാതാപിതാക്കൾക്കൊപ്പം തണലായും നിഴലായും സീമ ഒപ്പമുണ്ടായിരുന്നു. 

2012 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയോഗിക്കപ്പെട്ടത് സുപ്രീം കോടതിയിലെ അഭിഭാഷകനായ ദയൻ കൃഷ്ണൻ ആയിരുന്നു. സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അദ്ദേഹം പക്ഷേ ഈ കേസ് വാദിക്കാൻ പണം ആവശ്യപ്പെട്ടില്ല. പിന്നീട് അദ്ദേഹത്തോടൊപ്പം പ്രസിദ്ധ അഭിഭാഷകനും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ രാജീവ് മോഹനും എ ടി അൻസാരിയും ചേർന്നു. ഇത്തരത്തിൽ പ്രഗത്ഭരായ അഭിഭാഷകരുടെ സാന്നിദ്ധ്യം കേസിൽ ആദ്യം മുതലേ ഉണ്ടായിരുന്നു. 

2014. ലാണ് സീമ കേസ് ഏറ്റെടുക്കുന്നത്. ആദ്യത്തെ വിധിക്ക് ശേഷമുണ്ടായ എല്ലാ അപ്പീലുകളും നേരിട്ടതും നിർഭയക്ക് വേണ്ടി കേസിന്റെ തുടർവാദങ്ങൾ നടത്തിയതുമൊക്കെ സീമയാണ്. പ്രതികൾക്ക് വേണ്ടി ഹാജരായ എ പി സിങ്ങിന്റെ വാദങ്ങൾ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോയപ്പോഴും സമചിത്തതയോടെ കാര്യങ്ങൾ നോക്കി കാണാൻ സീമ ശ്രമിച്ചു. സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്നും ആര്‍ക്കും തെറ്റുകള്‍ പറ്റുമെന്നും പ്രതികൾക്ക് വേണ്ടി എ പി സിങ് വാദിച്ചപ്പോൾ, വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നമ്മൾ അടുക്കുകയാണെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും സീമ കോടതിയിൽ തറപ്പിച്ചു പറഞ്ഞു.  

ഉത്തർപ്രദേശ് ഇറ്റാവ സ്വദേശിയാണ് സീമ.  2014 ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സീമ അറിയപ്പെടുന്ന അഭിഭാഷകയാണ്. ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലാണ്.

MORE IN INDIA
SHOW MORE
Loading...
Loading...