'ഹിന്ദു യുവതിക്ക് കല്യാണം; കാവലായത് മുസ്‍ലിം ആങ്ങളമാർ‍'; സൗഹൃദത്തിന്റെ ഡല്‍ഹി

marriage-web
SHARE

ഡല്‍ഹി കലാപത്തില്‍ ഏറ്റവുമധികം അക്രമമുണ്ടായ മേഖലയില്‍ ഉള്‍പ്പെട്ടതാണ് ചാന്ദ് ബാഗ്. പരിസരത്തെങ്ങും കരിയും പുകയും നിറയുന്നതിനിടെ കൊച്ചു വീട്ടിൽ ഒരു കല്ല്യാണം നടന്നു. 23 കാരിയായ സാവിത്രി പ്രസാദിന്റെ വിവാഹം. അവൾക്ക് കാവലായി നിന്നത് മുസ്‌‌ലിം സഹോദരങ്ങള്‍. കല്ല്യാണത്തിനായെത്തിയ ബന്ധുക്കളെ സുരക്ഷിതരായി വീട്ടിലെത്തിച്ചതും ആ ആങ്ങളമാര്‍ തന്നെ. കലാപകലുഷിതമായ പരിസരത്ത് നിന്നും കേട്ട സ്നേഹം വറ്റാത്ത ഒരു വാർത്ത.

വടക്ക് കിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് സംഭവം. വിവാഹം കലാപം മൂലം മുടങ്ങിപ്പോവുമെന്ന് കരുതിയ സമയത്താണ് അയല്‍ക്കാരായ മുസ്‍ലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് സാവിത്രി പ്രസാദ് പറയുന്നു. ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ സുഖകരമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇത്രയധികം കൈവിട്ട് പോകുമെന്ന് സാവിത്രിയുടെ കുടുംബം കരുതിയിരുന്നില്ല. 

വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയുമായതോടെ വിവാഹം നീട്ടി വയ്ക്കാന്‍ സാവിത്രി പ്രസാദിന്‍റെ രക്ഷിതാക്കള്‍ ആദ്യം ചിന്തിച്ചു. വിവാഹദിനത്തില്‍ കലാപാന്തരീക്ഷത്തില്‍ വിവാഹചടങ്ങുകള്‍ ചാന്ദ് ബാഗിലെ വീട്ടില്‍ നടത്താമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ചുറ്റും കല്ലേറും അക്രമവും നടന്നപ്പോള്‍ മുസ്‍ലിം സഹോദരര്‍ തന്‍റെ വിവാഹത്തിന് കാവലായി എത്തിയെന്ന് സാവിത്രി പ്രസാദ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 

വീടിന് മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ ചുറ്റുപാടും നിന്ന് പുക ഉയരുന്നത് കാണാന്‍ കഴിയുമായിരുന്നു. ഭീകരമായിരുന്നു ആ അവസ്ഥയെന്നും തങ്ങള്‍ക്ക് സമാധാനം വേണമെന്നും സാവിത്രിയുടെ പിതാവ്  ഭോപ്ഡെ പ്രസാദ് പറയുന്നു. വര്‍ഷങ്ങളായ മുസ്‍ലിം വിഭാഗത്തിലുള്ളവരുമായി അയല്‍പക്കം പങ്കിടുന്നവരാണ് ഭോപ്‍ഡെ പ്രസാദും കുടുംബവും. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്ഡെ പറയുന്നു

MORE IN INDIA
SHOW MORE
Loading...
Loading...