കൊറോണ മാംസാഹാരികളെ ശിക്ഷിക്കാൻ പിറവിയെടുത്ത അവതാരം': ഹിന്ദുമഹാസഭ അധ്യക്ഷൻ

corona-hindu
SHARE

കൊറോണ വൈറസ് മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ വൈറസ് ലോകമെമ്പാടും പടർന്നുപിടിക്കുമ്പോൾ, ആഗോള ആരോഗ്യ വിദഗ്ധര്‍ മാരകമായ ഈ വൈറസിനെതിരെ ചികിത്സയും വാക്സിനുകളും കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ചക്രപാണിയുടെ വിവാദ പരാമർശം. 

'കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ് അത്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. നരസിംഹാവതരമാണ് കൊറോണ. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാർത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം.. അങ്ങനെയെങ്കിൽ ഇനി കൊറോണ വരില്ല. ചൈനക്കാർ അങ്ങനെ ചെയ്താൽ ഈ അവതാരം തിരികെ അതിന്റെ ലോകത്തിലേക്ക് പോകും'. - ചക്രപാണി പറഞ്ഞു.

പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്ക് കൊറോണ ബാധിക്കില്ലെന്നും ചക്രപാണി പറഞ്ഞു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാന്‍ കൊറോണയുടെ ഒരു വിഗ്രഹം സൃഷ്ടിച്ച് മാപ്പ് തേടാനും ചൈനീസ് പ്രസിഡന്റിനെ ചക്രപാണി ഉപദേശിച്ചു.

ഇതിനിടെ, കൊറോണ ഭീതിയെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിച്ചു. പ്രത്യേക വിമാനത്തില്‍ നാനൂറോളം പേരെയാണ് യുഎസിലെത്തിച്ചത്. രോഗം സ്ഥിരീകരിച്ച 40 യുഎസ് പൗരന്‍മാരെ ടോക്കിയോയിലെ ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇതേ കപ്പലിലുള്ള അഞ്ച് ഇന്ത്യക്കാര്‍ക്കും  കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമടക്കം ആകെ 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. 

കൊറോണ ബാധയില്‍  ചൈനയില്‍ മാത്രം മരണസംഖ്യ 1765 ആയി. ഗുരുതരസ്ഥിതി നിലനില്‍ക്കുന്ന ഹുബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ നൂറുപേര്‍ മരിച്ചു. 1,933 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ എഴുപതിനായിരത്തി നാനൂറ് പേര്‍ക്കാണ് വൈറസ് ബാധ.

MORE IN INDIA
SHOW MORE
Loading...
Loading...