61,000 കി.മീ സഞ്ചരിച്ചു; പുൽവാമയിൽ ജീവൻ നൽകിയ ധീരരുടെ വീട്ടിലെ മണ്ണ്ശേഖരിച്ചു; മാതൃക

pulwama-umesh
SHARE

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ്സ് പൂർത്തിയാകുമ്പോൾ, അവരോടുള്ള കടപ്പാട് അറിയിക്കാൻ ഇൗ മനുഷ്യൻ തിരഞ്ഞെടുത്ത മാർഗം രാജ്യത്തിന്റെ അഭിനന്ദനങ്ങൾ നേടുകയാണ്. വീരമൃത്യു വരിച്ച 40 സൈനികരുടെ വീടുകളിലെത്തി ഒരു പിടി മണ്ണ് ശേഖരിച്ചാണ് പാട്ടുകാരന്‍ ഉമേഷ് ഗോപിനാഥ് ജാധവ് ആദരമർപ്പിച്ചത്. 

ഇതിനായി 61,000 കിലോമീറ്റർദൂരമാണ് ഇദ്ദേഹം സഞ്ചരിച്ചത്. ജവാൻമാരുടെ വീട്ടിലെത്തി അവരെ സംസ്ക്കരിച്ച സ്ഥലത്ത് നിന്ന് ഒരുപിടി മണ്ണ് ശേഖരിക്കുകയായിരുന്നു ഉമേഷ്. ഒന്നാവർഷിക ദിനത്തിൽ സിആര്‍പിഎഫ് ക്യാംപിൽ നടന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹം ഭരണിയിൽ സൂക്ഷിച്ച മണ്ണ് സൈന്യത്തിന് കൈമാറി. പത്ത് മാസത്തോളം സമയമെടുത്താണ് 40 സൈനികരുടെയും വീടുകളിലെത്തി കുടുംബാഗംങ്ങളെ ഉമേഷ് ഗോപിനാഥ് നേരില്‍കണ്ട് ആദരം അർപ്പിച്ചത്. 

2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.

ലോക്സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുൻപായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഒരുപാടു ചർച്ച ചെയ്യപ്പെട്ടു. ഭീകരർക്കെതിരെ സ്വീകരിക്കാൻ പോകുന്ന കടുത്ത നടപടികളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും വാചാലനായത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വൻ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തത്.

ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15: അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.

പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാർ 82–ാം ബറ്റാലിയനിലെ ജവാനായിരുന്നു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിനു തൊട്ടുമുൻപു ചിത്രീകരിച്ച വിഡിയോയിൽ, എകെ 47 റൈഫിളുമായാണ് ചാവേർ നിൽക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...