മോദിയെ ജയിപ്പിക്കാനും ‘തോൽപ്പിക്കാനും’ പ്രശാന്തിന് അറിയാം; ഡൽഹി തന്ത്രങ്ങളുടെ അണിയറക്കാരൻ

modi-kejriwal-prasanth
SHARE

ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അരവിന്ദ് കേജ്​രിവാളിനൊപ്പം മൂല്യം ഉയരുന്ന മറ്റൊരു വ്യക്തി കൂടിയുണ്ട് പ്രശാന്ത് കിഷോർ. ഒരിക്കൽ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് തന്നെയാണ് ഇത്തവണ ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കിയത്. 

മോദിയെ ജയിപ്പിക്കാൻ മാത്രമല്ല, ‘തോൽപിക്കാനും’ കഴിയുമെന്നു പ്രശാന്ത് കിഷോർ ഒരിക്കൽ കൂടി തെളിയിക്കുന്നു. 2015 ൽ ബിഹാറിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിനായി പ്രവർത്തിച്ച പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഐ പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) എന്ന സംഘടനയും ഇക്കുറി ആം ആദ്മി പാർട്ടിക്കായാണു തന്ത്രങ്ങൾ മെനഞ്ഞത്. 

പൗരത്വ നിയമത്തിനെതിരെ നിതീഷ് കുമാർ വിരുദ്ധ നിലപാടെടുത്തതിനു ജെഡിയുവിൽ നിന്നു പുറത്താക്കപ്പെട്ടതിനുള്ള മറുപടി കൂടി ഡൽഹി ഫലമറിഞ്ഞുള്ള അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായിരുന്നു – ‘ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാൻ നിലകൊണ്ടതിനു ഡൽഹിക്കു നന്ദി.’ 

‘ചായ് പേ ചർച്ച’ അടക്കമുള്ള ഹിറ്റ് പരിപാടികളിലൂടെ 2014 ൽ മോദിയുടെ സ്വീകാര്യത കൂട്ടിയ പ്രശാന്ത് കിഷോർ, ഡൽഹിയിൽ കേജ്‌രിവാളിനായി ‘ടൗൺഹാൾ’ എന്ന പേരിൽ, 13 സംവാദ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഓരോന്നും വെവ്വേറെ ചാനലുകളിൽ സംപ്രേഷണം ചെയ്തു. ബിജെപി ഉയർത്തിയ ഹിന്ദുത്വ അജൻഡയ്ക്ക്, പരിപാടിയിൽ ഹനുമാൻ ചാലീസ ചൊല്ലി കേജ്‌രിവാൾ മറുപടി നൽകിയതും ഹിറ്റായി. ബിജെപി ഹിന്ദുത്വ ആശയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ, കേ‌ജ്‌രിവാൾ ആധ്യാത്മിക തലത്തിൽ ഇതിനു മറുപടി നൽകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. 

എങ്കിലും പ്രശാന്ത് കിഷോറിനുള്ള യഥാർഥ വെല്ലുവിളി വരുന്നതേയുള്ളൂ. നവംബറിലെ ബിഹാർ തിരഞ്ഞെടുപ്പ്. ബിജെപിക്കെതിരെ മാത്രമല്ല, തന്നെ ജെഡിയുവിൽ നിന്നു പുറത്താക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കണക്കുകൾ തീർക്കാനുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...