രജനികാന്തും കമൽഹാസനും ഒരുമിച്ച് പോരാടും?; സൂചന നൽകി നേതാക്കൾ; ആകാംക്ഷ

kamal-rajini-join
SHARE

ദ്രാവിഡ പാർട്ടികളുടെ ഉറക്കം കെടുത്തുന്ന സൂചനകളാണ് തമിഴ്നാട്ടിൽ നിന്നും പുറത്തുവരുന്നത്. ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും തമിഴകത്തെ താരരാജാക്കൻമാർ രാഷ്ട്രീയത്തിലും ഒരുമിച്ചേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുമ്പോൾ കമൽഹാസനും രജനീകാന്തും ഒരുമിച്ച് നിൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കമലിന്റെ മക്കൾ നീതി മയ്യം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രനാണ് ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. ഇരുവരും വരുന്ന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാനുള്ള സാധ്യതകളിലേക്ക് ഇൗ വാക്കുകൾ വിരൽച്ചൂണ്ടുന്നു. ഇക്കാര്യത്തിൽ താരങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കമലിന്റെ മക്കൾ നീതി മയ്യം നാലുശതമാനം വോട്ടുകൾ തമിഴ്നാട്ടിൽ നേടിയിരുന്നു. ആറു സീറ്റുകളില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ കമലിന്റെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഇൗ മാസം 21ന് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുമെന്നും പാർട്ടി നേതാവ് വ്യക്തമാക്കുന്നു.  55 ദിവസം നീളുന്ന സംസ്ഥാന പര്യടനമാണ് കമലിന്റെ പദ്ധതി.

അതേസമയം രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നടന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ടി.ടി.വി.ദിനകരനെതിരായ നടന്റെ ശക്തമായ കരുതൽ ധാരണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും, പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കിയാൽ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു– തമിഴരുവി പറഞ്ഞിരുന്നു.

ഇരുവരും ഒരുമിക്കുന്ന സിനിമയുടെ ചർച്ചകളും പുരോഗമിക്കുകയാണ്. ശക്തമായ സൗഹൃദം നിലനിർത്തുന്ന താരങ്ങൾ രാഷ്ട്രീയത്തിലും ഒന്നിച്ചാൽ അനായാസ വിജയം സ്വപ്നം കാണുന്ന ഡിഎംകെയ്ക്ക് വിയർപ്പൊഴുക്കേണ്ടി വരും. 

MORE IN INDIA
SHOW MORE
Loading...
Loading...