ബംഗ്ലാദേശികളെന്നാരോപിച്ച് കുടിയിറക്കിയവരെ പുനരധിവസിപ്പിക്കണം; കർണാടക ഹൈക്കോടതി

bnglr-11
SHARE

ബെലന്തൂരില്‍ ബംഗ്ലദേശ് കുടിയേറ്റക്കാരെന്നാരോപിച്ച്  പൊളിച്ചു നീക്കിയ മുന്നൂറോളം കുടിലുകളില്‍ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഇടക്കാല ആശ്വാസം ലഭ്യമാക്കാന്‍ രണ്ടാഴ്ചയും, പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ രണ്ടാഴ്ചയും കോടതി അനുവദിച്ചു. 

ബെലന്തൂരിലെ കരിയമ്മന അഗ്രഹാര, ദേവരബീസനഹള്ളി, കുന്ദലഹള്ളി, എന്നിവിടങ്ങളിലെ മുന്നൂറോളം കുടിലുകളാണ്, കഴിഞ്ഞ 18ന് മാറത്തഹള്ളി പൊവലീസും, മഹാനഗരസഭ അധികൃതരും ചേര്‍ന്ന് പൊളിച്ചുനീക്കിയത്. ബെംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ തങ്ങുന്നുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നുണ്ടായ നടപടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരത്തിലേറെപ്പേരാണ് പെരുവഴിയിലായത്.

 ഇതിനെതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് തൊഴിലാളികളെ പുനരധിവസിപ്പിക്കാനും, ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം പൊലീസാണ് കുടിലുകള്‍ പൊളിച്ചു നീക്കിയതെന്നതിനാല്‍, ഇവരെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ സര്‍ക്കാരും ബിബിഎംപിയും ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അസം, ബെംഗാള്‍, ത്രിപുര മണിപ്പൂര്‍, സ്വദേശികളും വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരുമാണ് കുടിയിറക്കലിന് വിധേയരായത്.

MORE IN INDIA
SHOW MORE
Loading...
Loading...