2010ന് ശേഷം വന്ന 2 പാർട്ടികൾ; 2 സംസ്ഥാനം വാഴുന്നോര്‍; ആ വിജയചരിത്രം

aap-ysr-party
SHARE

2010 മുതൽ 2020 വരെ രാജ്യം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പതിറ്റാണ്ട്. ഇക്കൂട്ടത്തിൽ വലിയ പാരമ്പര്യമോ ചരിത്രമോ ഒന്നും അവകാശപ്പെടാനില്ലാത്ത രണ്ടുപാർട്ടികൾ ഇന്ന് പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്നു. ബിജെപിയുടെ വലിയ കുതിച്ച് ചാട്ടത്തിനും കോൺഗ്രസിന്റെ തളർച്ചയ്ക്കും 2010ന് ശേഷമുള്ള വർഷങ്ങൾ സാക്ഷ്യം വഹിച്ചു. ചരിത്രത്തെ മാത്രം നോക്കി നെടുവീർപ്പിട്ട് ഇടതുപക്ഷ പാർട്ടികളും നിലനിൽപ്പിനായുള്ള കളം തേടുന്നു. അപ്പോഴാണ് വിരലിൽ എണ്ണാവുന്ന വയസുമാത്രമുള്ള രണ്ടുപാ‍ർട്ടികൾ ഒറ്റയ്ക്ക് മൽസരിച്ച് അധികാരം നേടുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും.

രണ്ടുപാ‍ർട്ടികളുടെയും പിറവിക്കും വളർച്ചയ്ക്കും മണ്ണ് വിട്ടുകൊടുത്തത് കോൺഗ്രസിന്റെ കയ്യിലിരുപ്പാണ് എന്നുള്ളത് ശ്രദ്ധേയം. പിളർന്ന് വളർന്ന പാർട്ടികളുടെ വിളനിലമാണ് ഭാരതം. അതിൽ കോണ്‍ഗ്രസ് പിളര്‍ന്നാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന പല പാര്‍ട്ടികളും ഉണ്ടായിട്ടുള്ളത്. ഡൽഹിയിൽ വൃത്തിയാക്കാൻ ചൂലെടുത്ത പാർട്ടി ഉണ്ടായത് അഴിമതി മടുത്ത ജനത്തിന്റെ ആവശ്യകതയിൽ നിന്നായിരുന്നു.

ചൂലെടുത്തപ്പോൾ തൂത്തെറിയപ്പെട്ടവർ

യുപിഎ ഭരണത്തിന് താഴെ അഴിമതി കൊടികുത്തി വാണപ്പോൾ പോരാട്ടത്തിനിറങ്ങിയ അണ്ണ ഹസാരെയാണ് ഇന്ന് മൂന്നാംവട്ടവും ഡൽഹി ഭരിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിയുടെ പിറവിക്ക് കാരണക്കാരനായത്. ജന ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്ന ആവശ്യവും അതിന് വേണ്ടിയുണ്ടായ സമരവും ഡൽഹിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇടത്തരക്കാരും യുവാക്കളും ഇൗ മാറ്റത്തിനൊപ്പം അടിയുറച്ചിറങ്ങി.

sisodia-aathishi

അണ്ണ ഹസാരെ നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന അരവിന്ദ് കെജ്​രിവാൾ പിന്നീട് ഇന്ത്യൻ ജനാധിപത്യത്തിൽ എക്കാലത്തെയും വലിയ അദ്ഭുതങ്ങളിലൊന്നായി. രാഷ്ട്രീ പാര്‍ട്ടി രൂപീകരണത്തെ അണ്ണ ഹസാരെ എതിർത്തെങ്കിലും ജനങ്ങൾ കെജ്​രിവാളിൽ പ്രതീക്ഷ വച്ചു. അങ്ങനെ 2012ൽ പാർട്ടി രൂപീകരിച്ചു. 

‘ആം ആദ്മി പാര്‍ട്ടിയോ... അങ്ങനെ ഒരു പാർട്ടി ഉണ്ടോ..’ എന്ന് പരിഹസിച്ച ഷീലാ ദീക്ഷിത്തിന്റേയും കോൺഗ്രസിന്റെയും തകർച്ചയുടെ കൂടി തുടക്കമായിരുന്നു അത്. കൃത്യമായ പാരമ്പര്യമോ രാഷ്ട്രീയമാനങ്ങളോ ഇല്ലാത്ത ഒരു പാർട്ടി എന്തുകാട്ടാനാണെന്ന് ചോദിച്ചവരോടുള്ള മറുപടിയായിരുന്നു 2013ലെ ഫലം. 

അന്ന് 28 സീറ്റുമായി എഎപിയും. 31 സീറ്റ് ബിജെപിയും  8 സീറ്റ് കോൺഗ്രസും നേടി. ഒടുവിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്ന് ഭരിച്ചു. പിന്നീട് പാതിവഴിയിൽ സഖ്യം പൊളിഞ്ഞു. എന്നാൽ 2015ൽ 67 സീറ്റ് നേടി കെജ്​രിവാൾ മാസായി. മൂന്നു സീറ്റ് ബിജെപിയും കോൺഗ്രസ് സംപൂജ്യരായി.

ആ ചരിത്രത്തിന് വീണ്ടും തനിയാവർത്തനം. രാജ്യം ഭരിക്കുന്ന ബിജെപി സകല കരുത്തും പുറത്തെടുത്തിട്ടും ആം ആദ്മി പാർട്ടിയെ പിടിച്ചുകെട്ടാനായില്ല. കോൺഗ്രസ് നിലമെച്ചപ്പെടുത്താൻ പോലും ആഗ്രഹിക്കാതെ പൂജ്യത്തിൽ തന്നെ തുടരുന്നു. 

ആന്ധ്ര ഭരിക്കുന്ന യുവരക്തം

കോൺഗ്രസിന് ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനത്ത് നിന്ന് അവരെ പിഴുതെറിഞ്ഞ് സ്ഥാനം പിടിച്ച പാർട്ടിയാണ് വൈഎസ്ആർ കോൺഗ്രസ്. ആന്ധ്രയിൽ കോൺഗ്രസിന്റെ കരുത്തും ഉൗർജവുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഢിയുടെ മരണമാണ് കോൺഗ്രസിന്റെ വൻവീഴ്ചയ്ക്ക് കളമൊരുക്കുന്നത്. അല്ലെങ്കിൽ ഹൈക്കമാൻഡിന് കാര്യങ്ങൾ മനസിലാക്കാൻ, കൃത്യമായി കഴിയാതെ പോയതിന്റെ കേട്. ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു പിന്നീട്.

jagan-ap-new

2009ലാണ് വെഎസ്ആർ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവി അറിയാത്ത ജനനേതാവ് എന്ന ഖ്യാതിയിൽ നിറഞ്ഞുനിന്ന വൈഎസ്ആറിന്റെ മരണം ആന്ധ്രയുടെ നെഞ്ചകം തകർത്ത ദുരന്തമായിരുന്നു. അതുവരെ ബിസിനസ് നോക്കിയിരുന്ന മകൻ ജഗൻമോഹൻ റെഡ്ഢി രാഷ്ട്രീയത്തിലേക്കെത്തി. അച്ഛന്റെ മരണശേഷം സംസ്ഥാനത്ത് ഉടർപ്പ് യാത്ര നടത്താനും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി ജഗനും അമ്മയും സോണിയാ ഗാന്ധിയുടെ മുന്നിലെത്തി. എന്നാൽ നേരിൽ കാണാൻ പോലും കൂട്ടാക്കാതെ സോണിയ ഇവരെ മടക്കി. രാഷ്ട്രീയത്തിൽ ഒരു ബന്ധവുമില്ലാത്ത ജഗന്റെ വരവ് സോണിയ ഇഷ്ടപ്പെട്ടിരുന്നില്ല. പെട്ടെന്നൊരാളെ മുഖ്യമന്ത്രിയാക്കിയാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ ചോദ്യങ്ങൾക്ക് ഹൈക്കമാൻഡിന് ഉത്തരമുണ്ടാവില്ല. ഇതു മുന്നിൽ കണ്ടായിരുന്നു സോണിയയുടെ അന്നത്തെ നീക്കം.

എന്നാൽ തിരികെ നാട്ടിലെത്തിയ ജഗൻ ഉടർപ്പ് യാത്ര തുടങ്ങി. അച്ഛന്റെ മരണം ഉയർത്തിയ സഹതാപതരംഗം ജഗന് അനുകൂലമായി. കടപ്പ ഉപതിരഞ്ഞെടുപ്പിൽ അഞ്ചുലക്ഷം വോട്ടിന്റെ മഹാഭൂരിപക്ഷം നേടി ജഗൻ വരവറിയിച്ചു. പിന്നെ കണ്ടത് കോൺഗ്രസ് ആന്ധ്രയിൽ തകർന്നടിയുന്നത്. 2011ൽ കോൺഗ്രസിനെ പിളർത്തി വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ച് ജഗൻ മറുപടി നൽകി. അച്ഛൻ വളർത്തിയ കോൺഗ്രസിനെ അപ്പാടെ തകർത്ത് മകൻ വൈഎസ്ആർ കോൺഗ്രസിനെ ആന്ധ്രയിൽ നട്ടുനനച്ചു.

jagan-mohan-naidu

ഇന്ന് 175 നിയമസഭാ സീറ്റുകളുള്ള ആന്ധ്രയിൽ 151 സീറ്റിലും വിജയിച്ച് ജഗൻ മോഹൻ റെഡ്ഢി ആന്ധ്ര ഭരിക്കുന്നു. ഒരു പക്ഷേ അന്ന് ജഗനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നെങ്കിൽ  കഥ മറ്റൊന്നായേനെ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...