അമരാവതി കോണ്‍ക്രീറ്റ് ശവപ്പറമ്പായി; ‘കൊന്ന് ജഗൻ മോഹൻ റെഡ്ഡി’; ദുരിതക്കണ്ണീർ

amaravati-ysr-nayidu
SHARE

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ചതൊന്നും ആന്ധ്ര അമരാവതിയിലെ കര്‍ഷകര്‍ അറിഞ്ഞിരിക്കാനിടയില്ല. ഭേദഗതി അസാധ്യമായൊരു ജീവിതസമരത്തിലായിരുന്നു അവര്‍. രണ്ട് പ്രതിഷേധങ്ങള്‍ക്കും  പക്ഷേ ഫലമൊന്നായിരുന്നു. എതിര്‍പ്പും ചെറുത്തുനില്‍പ്പും ലക്ഷ്യം കണ്ടില്ല. പൗരത്വ ഭേദഗതി നിയമമായി. അമരാവതിയും വിശാഖപട്ടണവും കുര്‍ണൂലും ആന്ധ്രയുടെ തലസ്ഥാന നഗരികളാക്കുന്ന ബില്ല് ആന്ധ്രനിയമസഭയും പാസാക്കി. 

അമരാവതി എന്നപേര് ഇന്ന് ആ നഗരത്തിന് തീരെ ചേരുന്നില്ല. ആന്ധ്രയുടെ യശസുയര്‍ത്താനുള്ള നിയോഗം അമരാവതിക്കാണ് എന്ന ചന്ദ്രബാബു നായിഡുവിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് നാമ്പിട്ടതാണ് ഇവിടുത്ത  കര്‍ഷകരുടെ പ്രതീക്ഷകള്‍. വരാനിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തില്‍ കണ്ണുവച്ച്  അമരാവതിയില്‍ ഭൂമി വാങ്ങിക്കൂട്ടിയ റിയല്‍ എസ്റ്റേറ്റുകാരെ മറന്നേക്കൂ. കേള്‍ക്കേണ്ടത് ഇവിടുത്തെ കര്‍ഷകരുടെ കഥയാണ്, ചെറുകിട കച്ചവടക്കാരുടെ കഥയാണ്. ശോഭനമായ ഭാവി സ്വപ്നം കണ്ട ചെറുപ്പക്കാരുടെ കഥയാണ്. 

കൃഷ്ണാനദിക്കരയിലെ ഫലഭൂയിഷ്ഠമായ ഹെക്ടറുകണക്കിന് കൃഷിഭൂമി. മണ്ണില്‍ പണിത്, അവിടെ വിയര്‍പ്പൊഴുക്കി ജീവിച്ചവര്‍ക്ക് മുന്നില്‍ പെട്ടെന്നാണ് ഒരു നൂറുമേനി വാഗ്ദാനം വന്നു വീണത്. അതിങ്ങനെയായിരുന്നു. അമരാവതിയിലെ കര്‍ഷകര്‍ ഭൂമി സര്‍ക്കാരിന് നല്‍കണം. ശതകോടികള്‍ മതിക്കുന്ന തലസ്ഥാനം പണിയാന്‍ പോകുന്നു. ആന്ധ്രയ്ക്ക് നഷ്ടമായ ഹൈദരാബാദിനേക്കാള്‍ പതിന്‍മടങ്ങ് ഗംഭീരമായിരിക്കണം അത്. അതിനായി കര്‍ഷകര്‍ അവരുെട ജീവിതം വിട്ടു നല്‍കണം. ജീവിതമെന്ന് വച്ചാല്‍ അമരാവതിയിലെ വീട്, ഭൂമി, കൃഷി, വരുമാനം എല്ലാം. പകരം പുതിയ അമരാവതിയില്‍ ജോലി, നിലവിലുള്ളതിനേക്കാള്‍ നല്ല വീട്, പുറമേ മാന്യമായ നഷ്ടപരിഹാരവും. തലസ്ഥാനം പണിയാനുള്ള ലക്ഷക്കണക്കിന് കോടി ആന്ധ്രയ്ക്ക് എവിടെ നിന്ന് കിട്ടുമെന്നോ? ഇത്രയും വലിയൊരു പദ്ധതി പട്ടിണിപ്പാവങ്ങളേറെയുള്ള ഒരു സംസ്ഥാനം താങ്ങുമോ എന്നൊന്നും താത്വികമായി ചിന്തിക്കാതെ  ആ വാഗ്ദാനത്തില്‍ അവര്‍ വീണു.  ഭൂമി നല്‍കി, വീടൊഴിഞ്ഞു.

കൃഷിയിടങ്ങളുടെ നടുവിലൂടെ യന്ത്രങ്ങള്‍  ഒന്നൊന്നായി വന്നു, നെല്‍ക്കതിരുകളെ, ഇനിയും  മുളച്ചുപൊന്തരുതെന്ന് താക്കീതോടെ  മണ്ണിട്ടുമൂടി. അവിടെ കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ത്തി. 1500 ലേറെ എന്‍ജിനീയര്‍മാരും ഇരുപതിനായിരത്തിലധികം തൊഴിലാളികളും  അമരാവതിയിലെത്തി. ജീവിതമാര്‍ഗം നഷ്ടപ്പെട്ടു നിന്ന കര്‍ഷകര്‍ ഇതില്‍ പല സാധ്യതയും കണ്ടു. അവസാനത്തെ പിടിവള്ളിയായി ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ചിലര്‍ നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ വാങ്ങി. എന്നിട്ടത് വാടകയ്ക്ക് കൊടുത്തു. ചിലര്‍ ചെറിയ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. അത് വാടകയ്ക്ക് നല്‍കി, എന്നിട്ട് ഉറപ്പില്ലാത്ത വീടുകളില്‍ അന്തിയുറങ്ങി. അമരാവതിയില്‍ സ്വപ്നതലസ്ഥാനം ഉയരും മുന്‍പെ ഭൂമി വില മാനം മുട്ടി. ഉള്ള സമ്പാദ്യം മുഴുവന്‍ കൊടുത്ത് അമരാവതിയില്‍ ഭൂമി വാങ്ങിയവരില്‍  ഇടത്തരക്കാരുമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നൂറുകണക്കിന് തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളും ചെറുകിട ബിസനസ് സംരംഭങ്ങളും ഏറെ വന്നു. 

‘ഹാപ്പി നെസ്റ്റ് ’ എന്ന പേരില്‍ ചന്ദ്രബാബു  സര്‍ക്കാര്‍ നേരിട്ട് ഒരു വന്‍കിട ഭവനപദ്ധതി അമരാവതിയില്‍ തുടങ്ങി. 1200 ഫ്ലാറ്റുകളില്‍ 300 എണ്ണവും റജിസ്ട്രേഷന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം വിറ്റുപോയി. ബാക്കിയുള്ളവയും മുന്‍കൂര്‍ ബുക്കിങ്ങില്‍ ഒന്നൊന്നായി വിറ്റഴിഞ്ഞു. ആദ്യം ഫ്ലാറ്റ് സ്വന്തമാക്കിയവര്‍ ഭാ‌ഗ്യവാന്‍മാര്‍ എന്ന വിളികേട്ട് അഭിമാന പുളകിതരായി. തിരഞ്ഞെടുപ്പിനു മുന്‍പുവരെ സര്‍ക്കാര്‍ അമരാവതിയില്‍ മുടക്കിയത് 10,000 കോടി.  ഫലഭൂയിഷ്ഠമായൊരു കൃഷിഭൂമിയെ ഊഷരമാക്കാന്‍ മുടക്കിയ തുക 

അമരാവതി അനാഥമാകുന്നു 

തരിശുപാടത്ത് ചന്ദ്രബാബു നായിഡു വിതച്ച  ആ വാഗ്ദാനങ്ങളുടെ വിളവ് കൊയ്തത് പുതിയ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയായിരുന്നു. വാഗ്ദാനങ്ങളും അമരാവതിയും വഴിയിലുപേക്ഷിച്ച് നായിഡു പടിയിറങ്ങി. അമരാവതിയിലെ ഓരോ കല്ലിലും നായിഡുവിന്‍റെ അഴിമതി കണ്ടെത്തിയ ജഗന്‍ സ്വപ്നപദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.പകരം വിശാഖപട്ടണത്തും കുര്‍ണൂലിലും അമരാവതിയിലുമായി സംസ്ഥാനം വികസിപ്പിക്കാന്‍ തീരുമാനിച്ചു. പതിനായിരക്കണക്കിന് കര്‍ഷകരുടെയും ചെറുകിടക്കാരുടെയും ഹൃദയങ്ങളില്‍ ഇടിത്തീ വീണു. വിശാഖപട്ടണത്തും കുര്‍ണൂലിലും അമരാവതിയിലുമായി തലസ്ഥാനം വികസിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അവര്‍ തെരുവിലിറങ്ങി. പറഞ്ഞുപറ്റിച്ചില്ലേ എന്ന് ചോദിച്ചവരെയൊക്കെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പൊലീസ് അടിച്ചമര്‍ത്തി.  നിയമസഭയില്‍ പ്രതിഷേധിച്ചവരെ സസ്പെന്‍ഡ് ചെയ്തു. ഏകപക്ഷീയമായി അമരാവതിക്ക് ജഗന്‍ മരണശിക്ഷ വിധിച്ചു

അമരാവതി മരിച്ചു

അന്‍പതുശതമാനം പൂര്‍ത്തിയായ നിര്‍മാണം വരെ നിര്‍ത്തിവച്ചു. പണിപൂര്‍ത്തിയാകാത്ത ബഹുനില മന്ദിരങ്ങള്‍ ചേര്‍ന്ന് അമരാവതിയൊരു കോണ്‍ക്രീറ്റ് ശവപ്പറമ്പായി. പദ്ധതി ഉപേക്ഷിച്ചതോടെ ഒറ്റയടിക്ക് നഗരത്തില്‍ നിന്ന് ഒഴിഞ്ഞത് ഇരുപതിനായിരത്തോളം തൊഴിലാളികളാണ്. എന്‍ജിനീയര്‍മാരും ബിസിനസുകാരുമെല്ലാം കനത്ത നഷ്ടങ്ങളുടെ ഭാരവും പേറി അമരാവതി വിട്ടു. വാടക വീടുകളൊഴിഞ്ഞു. ആ വരുമാനം കൊണ്ട് ജീവിച്ചിരുന്നവരുടെ ജീവിതമാര്‍ഗമടഞ്ഞു. വന്‍വിലകൊടുത്ത് യന്ത്രങ്ങള്‍ വാങ്ങിയവര്‍ ലോണടയ്ക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞു. ഫലഭൂയിഷ്ഠമായൊരു നാട്, ഇല്ലായ്മയിലും സമ്പന്നമായിരുന്ന അവിടുത്ത ജീവിതം എല്ലാം  ഊഷരമാക്കി അമരാവതി എന്ന പ്രേതനഗരം അവിടെ ഓജസും തേജസും നഷ്ടപ്പെട്ട, ജീവിക്കണോ മരിക്കണോ എന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത കുറച്ചു മനുഷ്യരെ മാത്രം ഇനിയും അവശേഷിപ്പിച്ചിരിക്കുന്നു .  

MORE IN INDIA
SHOW MORE
Loading...
Loading...