സീറ്റിനായി പത്തുകോടി ചോദിച്ചു; കെജ്​രിവാളിനെതിരെ ആരോപണവുമായി കൂറുമാറിയ എംഎൽഎ

kejriwal-delhi
SHARE

ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാകുന്നതിനിടെ രാഷ്ട്രീയ കൂടുമാറ്റങ്ങളും സജീവം. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോയത്. കോഴ വാങ്ങിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സീറ്റ് വിഭജനം നടത്തിയതെന്നാണ് കൂടുമാറ്റക്കാരുടെ ആരോപണം . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപി നീക്കം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വ്യക്തിപ്രഭാവം വോട്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 

എഴുപതില്‍ എഴുപതെന്ന ലക്ഷ്യത്തോടെയാണ് ആംആദ്മി പാര്‍ട്ടി ഇത്തവണ ജനവിധി തേടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നേ പാര്‍ട്ടിയിലെ ഭിന്നതകള്‍ പുറത്തുവന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയ അല്‍ക്ക ലംബയിലാരംഭിച്ച കൊഴിഞ്ഞുപ്പോക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രിയിലെത്തിനില്‍ക്കുന്നു. ഒരു സീറ്റിന് പത്ത് കോടി വാങ്ങിയാണ് കെജരിവാള്‍ സീറ്റുകള്‍ വിറ്റതെന്നാണ് പാര്‍ട്ടി വിട്ട ബദര്‍പൂര്‍ എംഎല്‍എ എന്‍.ഡി ശര്‍മ ആരോപിച്ചത്. ആം ആദ്മി വിട്ടെത്തിയവര്‍ക്കെല്ലാം കോണ്‍ഗ്രസും ബിജെപിയും ടിക്കറ്റ് നല്‍കിയെങ്കിലും ന്യൂഡല്‍ഹി മണ്ഡലത്തില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ എതിരാളികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇരു പാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുമായില്ല. എഴുപത് നിയമസഭാമണ്ഡലങ്ങളിലായി അയ്യായിരും റാലികള്‍ നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതില്‍ പത്ത് മെഗാറാലികളില്‍ ‌പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അന്‍പത്തിയേഴ്  സ്ഥാനാര്‍ഥികളെ മാത്രമെ ബിജെപി പ്രഖ്യാപിച്ചുള്ളു. മറ്റ് സീറ്റുകള്‍ സഖ്യകക്ഷിയായ ഷിരോമണി അകാലിദളിനും ജെജെപിക്കും പങ്കിട്ട് നല്‍കുമെന്നാണ് സൂചന. പതിനഞ്ച് വര്‍ഷം ഡല്‍ഹി ഭരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഡല്‍ഹിയുടെ വികസനത്തിന് ഷീല ദീക്ഷിത് സര്‍ക്കാര്‍ വഹിച്ച പങ്കാണ്  മുഖ്യപ്രചാരണവിഷയം. അന്‍പത്തിന്നാല് പേരുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. 

MORE IN INDIA
SHOW MORE
Loading...
Loading...