അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കണം; യെച്ചൂരി

yechuri-17
SHARE

പൗരത്വ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെതിരായ യോജിച്ച സമരം തിരഞ്ഞെടുപ്പ് സഖ്യത്തിനല്ലെന്ന് വ്യക്തമാക്കി സി.പി.എം. മുസ്ലീം ലീഗ് അടക്കം ഒരു പാർട്ടിയേയും സംയുക്ത സമരത്തിന് പ്രത്യേകം ക്ഷണിക്കാനില്ലെന്നും ആദ്യ ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായവർ മാവോയിസ്റ്റുകളാണോ എന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു. 

വിളപ്പിൽശാല ഇ എം എസ് അക്കാദമിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിലാണ് പൗരത്വ പ്രശ്നത്തിലെ സമരം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭരണഘടനാ സംരക്ഷണത്തിനുള്ള സമരം കൂടുതൽ ശക്തമാക്കും. ഈ സമരത്തിൽ എല്ലാവരും യോജിക്കണമെന്നാണ് നിലപാട്. എന്നാൽ മുസ്ലീം ലീഗോ, തൃണമൂൽ കോൺഗ്രസോ അടക്കം ആരെയും സമരത്തിൽ പ്രത്യേകമായി ക്ഷണിക്കുന്നില്ല. കേരളത്തിൽ ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. കേരളത്തിൽ ഇരുമുന്നണികളും കേന്ദ്രത്തിനെതിരെ യോജിച്ച സമരം നടത്തി. ഇപ്പോൾ എന്തുകൊണ്ട് സംയുക്ത സമരത്തിന് തയ്യാറാകുന്നില്ല എന്ന് കോൺഗ്രസാണ് പറയേണ്ടത്.

പന്തീരങ്കാവ് യു എ പി എ കേസ് ഇതുവരെ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല. സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലുള്ള വിഷയമാണ്. അവർ മാവോയിസ്റ്റുകളാണോ എന്ന് അറിയില്ല. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതേ സമയം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യുഎപിഎ പ്രശ്നത്തിൽ വീണ്ടും സർക്കാരിനെതിരെ രംഗത്തുവന്നു.

MORE IN INDIA
SHOW MORE
Loading...
Loading...