ബെസോസിനെ കാണാനില്ലെന്ന് മോദിയും മന്ത്രിമാരും; ആമസോണ്‍ ഇന്ത്യക്ക് പുറത്തേക്കോ..?

jeff
SHARE

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും കാണില്ല. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമസോണ്‍ സിഇഒ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് കൂടിക്കാഴ്ച മോദിയും മന്ത്രിമാരും ഒഴുവാക്കുകയായിരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം മോദിയെ കാണാന്‍ കഴിയില്ലെന്ന് ആമസോണിനെ നേരത്തെ അറിയിച്ചിരുന്നു. മോദിയെ മാത്രമല്ല, മന്ത്രിമാരായ പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരെ കാണാന്‍ സാധിക്കില്ലെന്ന് ബെസോസിനെ അറിയിച്ചിരുന്നു. ഈ നീക്കം ആമസോണിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഒാണ്‍ലൈനില്‍ വന്‍ വിലകിഴിവ് നല്‍കുന്നതിനെതിരെ ഒാഫ്​ലൈന്‍ വ്യാപാരികള്‍ ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് ബെസോസിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. സ്വന്തം വില്‍പ്പനക്കാരെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും, എഫ്ഡിെഎ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബെസോസുമായുള്ള കൂടിക്കാഴ്ച ഇന്ത്യയിലെ വ്യാപാരികളെ അകറ്റുമെന്ന രാഷ്ട്രീയ ഭയമാണ് ഇതിനുപിന്നിലെന്നാണ് കരുതുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഐഐടി) നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള വ്യാപാരികൾ ബെസോസിന്റെ സന്ദര്‍ശനം എതിര്‍ക്കുന്നുണ്ട്. ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ബിസിനസ്സ് രീതികളെക്കുറിച്ച് അന്വേഷിക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ്  ഇന്ത്യ (സിസിഐ) ഉത്തരവിട്ട സമയത്താണ് ബെസോസിന്റെ ഇന്ത്യ സന്ദർശനം. 

എന്നാല്‍, മോദി ബെസോസുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാന്‍ മറ്റുചില കാരണങ്ങളാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജെഫ് ബെസോസിന്റെ കീഴിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ സ്വീകരിച്ച വിമർശനാത്മക നിലപാട് കാരണമെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദിവസം  ബെസോസ് ഇന്ത്യയിൽ 200 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...