കൊടും തണുപ്പിലും ചോരാതെ വീര്യം; ഷഹീൻബാഗിലെ ഉമ്മമാർ സമരം തുടരുന്നു

shaheen-15
SHARE

പൗരത്വനിയമത്തിനെതിരെ ഡല്‍ഹി ഷഹീന്‍ബാഗിലെ ഉമ്മമാരുടെ സമരവീര്യത്തിന് ഇന്ന് ഒരുമാസം. കടുത്ത തണുപ്പിനും ഏത് നിമിഷവും ഒഴിപ്പിക്കുമെന്ന ഭീതിക്കുമിടയില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ്   സമരം മുന്നോട്ടുപോകുന്നത്. രാജ്യാന്തരതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ സമരത്തിന് ഓരോ ദിവസം പിന്നിടുന്തോറും ജനപിന്തുണ കൂടിവരികയാണ്. 

ഡിസംബര്‍ പതിനഞ്ച് രാത്രി പത്തുമണി. ജാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പത്ത് ഉമ്മമാരാണ് ഷഹീന്‍ബാഗിലെ ചരിത്രപോരാട്ടത്തിന് തുടക്കമിട്ടത്. ഇന്ന് അത് പതിനായിരങ്ങള്‍ സമ്മേളിക്കുന്ന പൗരത്വനിയമത്തിനെതിരായ രാജ്യത്തെ ഏറ്റവും വലിയ സമരകേന്ദ്രമാണ്. 

റോഡില്‍ വിരിയുന്ന ചിത്രങ്ങളും പ്രതിഷേധിക്കുകയാണ്. ഇന്ത്യാഗേറ്റിന്റെ മാതൃകയുണ്ടാക്കി അതില്‍ പൗരത്വനിയമത്തിനെതിരായ പോരാട്ടത്തില്‍ മരിച്ചവരുടെ പേരുകള്‍ എഴുതിവച്ച് അവര്‍ക്ക് ജീവന്‍നല്‍കിയിരിക്കുന്നു. കരിനിയമത്തിന്റെ മുന്നറിയിപ്പുമായി ഡിറ്റഷന്‍സെന്ററിന്റെ മാതൃകയും. പൗരത്വനിയമം പിന്‍വലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.

ദേശീയപാതയിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി ഇടപെട്ടിട്ടില്ല. സമരക്കാരെ രാത്രിയില്‍ ഒഴിപ്പിക്കാന്‍ പൊലീസ് നടപടിയുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇരുട്ട് വീണാല്‍ സമരപന്തലിലേക്ക് പിന്തുണയുമായെത്തുന്നവരുടെ ഒഴുക്കാണ്. ഷഹീന്‍ബാഗിലെ സമരജ്വാല അണയ‍്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഉമ്മമാര്‍ അത് കെടാതെ കാത്തുസൂക്ഷിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...