ജയിലില്‍ അസ്വസ്ഥരായി നിര്‍ഭയക്കേസ് പ്രതികൾ; നിരന്തരം കൗണ്‍സലിങ്

nirbhaya-case-4
SHARE

നിര്‍ഭയക്കേസില്‍ മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ജയിലില്‍ അസ്വസ്ഥരായി പ്രതികള്‍. രണ്ടാം പ്രതി മുകേഷ് സിങ്ങിനെ സന്ദര്‍ശിക്കാന്‍ അമ്മയ്‍ക്ക് അനുമതി നല്‍കി. പ്രതികളെ ജയില്‍ അധികൃതര്‍ നിരന്തരം കൗണ്‍സലിങിന് വിധേയമാക്കുന്നുണ്ട്. രണ്ടുപ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 

രാജ്യം കണ്ണീരോടെ ഓര്‍ക്കുന്ന നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാരണ്ട് പുറപ്പെടുവിച്ചതോടെയാണ് പ്രതികള്‍ ജയിലില്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. നിരാഹാരമിരിക്കാന്‍ ശ്രമിച്ച പ്രതികള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്തതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇതിനിടെ രണ്ടാം പ്രതി മുകേഷ് സിങ്ങിനെ കാണാന്‍ അമ്മയ്‍ക്ക് അനുമതി നല്‍കി. കൂടിക്കാഴ്ചയ്‍ക്കിടെ പലവട്ടം പൊട്ടിക്കരഞ്ഞ മുകേഷ് സഹോദരങ്ങളുടെയും പിതാവിന്റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് വിവരം. തിരുത്തല്‍ ഹര്‍ജിയില്‍ ഇളവ് ലഭിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രപതിക്കുള്ള ദയാഹര്‍ജിയില്‍ ആശ്വാസം നേടാമെന്നുമുള്ള അമ്മയുടെ ഉറപ്പിലാണ് പ്രതി ശാന്തനായതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. മുകേഷ് സിങ്ങും അക്ഷയ് താക്കൂറും പവന്‍ ഗുപ്തയും ജയില്‍ അധികൃതരോട് തട്ടിക്കയറിയതായും റിപ്പോര്‍ട്ടുണ്ട്. 

സ്വഭാവത്തിലെ ഇത്തരം മാറ്റങ്ങള്‍ ശിക്ഷ അടുക്കുമ്പോള്‍ സ്വാഭാവികമാണെന്നാണ് കൗണ്‍സലിങ്ങ് നല്‍കുന്നവര്‍ പറയുന്നത്. മാനസിക സംഘര്‍ഷം അകറ്റാനും പശ്ചാത്തപിക്കാനും മതഗ്രന്ഥങ്ങള്‍ നല്‍കും. നാലുപ്രതികളുെടയും ശരീരഭാരം കുറയാതെ നോക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, മുകേഷ് സിങ്ങും വിനയ് ശര്‍മയും നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. തിരുത്തല്‍ ഹര്‍ജി കൂടി തള്ളപ്പെട്ടാല്‍ നിയമവ്യവസ്ഥയിലെ അവസാന മാര്‍ഗവും അടയും. 22ന് ശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കെ നാലുപ്രതികളും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടില്ല. ദയാഹര്‍ജിയിലെ തീര്‍പ്പും ശിക്ഷ നടപ്പാക്കലും തമ്മില്‍ 14ദിവസത്തെ വ്യത്യാസമുണ്ടാകണമെന്ന സുപ്രീംകോടതി വിധിയുടെ ആനൂകല്യം നേടിയെടുക്കാന്‍ പ്രതികള്‍ ദയാഹര്‍ജി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍. 

MORE IN INDIA
SHOW MORE
Loading...
Loading...