20 വര്‍ഷത്തിനിടെ ബലാല്‍സംഗക്കേസിലെ രണ്ടാമത്തെ വധശിക്ഷ; 4 പേർ ഒരുമിച്ച് ആദ്യം

nirbhaya-convicts
SHARE

ഈ മാസം 22ന് നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റുമ്പോള്‍ 20 വര്‍ഷത്തിനിടെ ബലാല്‍സംഗക്കേസില്‍ നടപ്പാക്കാന്‍ പോകുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. നാലു പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കാന്‍ പോകുന്നതും ഇതാദ്യം.  2004 ലാണ് പതിനാല് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ ധനഞ്ജോയ് ചാറ്റര്‍ജി തൂക്കിലേറ്റപ്പെട്ടത്. 

രണ്ടായിരത്തിന് ശേഷം രാജ്യത്ത് നാല് വധശിക്ഷകളാണ് നടപ്പാക്കിയത്. ഇതില്‍ ഒരാളൊഴികെ മറ്റ് മൂന്നുപേരും ഭീകരവാദക്കുറ്റത്തിന് തൂക്കിലേറ്റപ്പെട്ടവര്‍. ഇരുപത് വര്‍ഷത്തിനിടെ നടന്ന ആദ്യവധശിക്ഷ 2004 ഒാഗസ്റ്റ് 14 ന്. ധനഞ്ജോയ് ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ ആലിപ്പോര്‍ ജയിലില്‍ തൂക്കിലേറ്റി. 1990 മാര്‍ച്ച് 5 ന് കൊല്‍ക്കത്തയില്‍ പതിനാല് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായിരുന്നു കുറ്റം. സംഭവം നടന്ന് 14 വര്‍ഷത്തിനു ശേഷം ശിക്ഷ. ഇതിന് ശേഷം സമാനമായ കേസില്‍ നടപ്പാക്കാന്‍ പോകുന്ന വധശിക്ഷയാണ് നിര്‍ഭയ കേസിലേത്. എന്നാല്‍ നാല് പേരെ ഒരേസമയം തൂക്കിലേറ്റുന്നു എന്നതാണ് നിര്‍ഭയ കേസിലെ പ്രത്യേകത. 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയത് 2012 നവംബര്‍ 21 ന്. പൂനെയിലെ യേര്‍വാഡ സെന്‍ട്രല്‍ ജയിലിലായിരുന്നു ശിക്ഷനടപ്പാക്കല്‍. 2001 പാര്‍ലമെന്‍റ് ആക്രമണം നടന്ന് 11 വര്‍ഷത്തിന് ശേഷമായിരുന്നു പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ. 1993 ലെ ബോംബെ സ്ഫോടന പരമ്പരയിലെ കുറ്റവാളി യാക്കൂബ് മേമന് തൂക്കുകയര്‍ ഒരുങ്ങിയത് 2015 ജൂലൈ 30 ന്. സംഭവം നടന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കിയ തീഹാര്‍ ജയിലിലാണ് നിര്‍ഭയ കേസിലെ പ്രതികള്‍ക്കും കഴുമരം ഒരുങ്ങുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...