‘ഇത് ജനാധിപത്യത്തിന്‍റെ കൂട്ടക്കുരുതി’; ജെഎൻയു ആക്രമണത്തിനെതിരെ പൃഥ്വി; കുറിപ്പ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണ് താെനന്ന് മുൻപ് തന്നെ വ്യക്തമാക്കിയ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഇന്നലെ ജെഎൻയുവിൽ നടന്ന  അക്രമത്തെ വിമർശിച്ചും പൃഥ്വി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘ഏത് പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെങ്കിലും അക്രമത്തിന്റെ പാത അംഗീകരിക്കാനാവില്ലെന്നും ജെഎന്‍യുവില്‍ നടന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്നും പൃഥ്വി കുറിച്ച്. ഇംഗ്ലീഷിലാണ് താരത്തിന്റെ കുറിപ്പ്. നിവിൻ പോളിയും മഞ്ജു വാരിയരും അടക്കമുള്ള താരങ്ങളും അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

പൃഥ്വിരാജിന്റെ കുറിപ്പ്: ‘ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, ഹിംസയും നശീകരണവും ഒരിക്കലും ഒന്നിനുമുള്ള മറുപടിയല്ല. കൊളോണിയലിസത്തില്‍ നിന്നും സ്വാതന്ത്ര്യം അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും നേടിയ ഒരു രാജ്യത്തെ സംബന്ധിച്ച്, 'വിപ്ലവം' എന്നത് ഹിംസയ്ക്കും നിയമലംഘനത്തിനുമുള്ള ആഹ്വാനമായി പരിഗണിക്കപ്പെടുന്നു എന്നത് ദൗര്‍ഭാഗ്യമാണ്.

അറിവിന്റേയും വിദ്യാഭ്യാസത്തിന്റേയും ഒരു സ്ഥാപനത്തിൽ കയറി നിയമവാഴ്ചയെ പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണ്. ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. അതേസമയം ഇതിനെതിരായി, ഹിംസയെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഇതേതോതില്‍ അപലപിക്കപ്പെടും. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിച്ചെന്ന് വരില്ല. ജയ് ഹിന്ദ്’ പൃഥ്വി കുറിച്ചു.